എരിതീയില്‍ എണ്ണയൊഴിച്ച് അസോസിയേഷന്‍; അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സെറീനയ്ക്ക് 17000 ഡോളര്‍ പിഴ ശിക്ഷ

യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലിനിടെ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസിന് പിഴ ശിക്ഷ
എരിതീയില്‍ എണ്ണയൊഴിച്ച് അസോസിയേഷന്‍; അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സെറീനയ്ക്ക് 17000 ഡോളര്‍ പിഴ ശിക്ഷ

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സ് ഫൈനലിനിടെ അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസിന് പിഴ ശിക്ഷ. 17000 ഡോളര്‍ (ഏകദേശം 12.26 ലക്ഷം രൂപ) സെറീന പിഴയായി നല്‍കണം. യു.എസ് ടെന്നീസ് അസോസിയേഷനാണ് പിഴ ശിക്ഷ വിധിച്ചത്.

മൂന്ന് കുറ്റങ്ങളാണ് സെറീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് 10000 ഡോളറും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിന് 4000 ഡോളറും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിന് 3000വുമാണ് പിഴയിട്ടിരിക്കുന്നത്.

ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരേ യുഎസ് ഓപണ്‍ ഫൈനലിനിടെയായിരുന്നു കോര്‍ട്ടില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 

ഫൈനലിനിടെ സെറീനക്ക് പരിശീലകന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിച്ച് ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

എന്നാല്‍ അമ്പയറുടെ ഇടപെടലിനെതിരെ സെറീന ശക്തമായി പ്രതിഷേധിച്ചു. കള്ളത്തരം കാണിക്കുന്നതിനേക്കാള്‍ നല്ലത് തോല്‍ക്കാനാണ് തനിക്കിഷ്ടമെന്ന് സെറീന പറഞ്ഞു.

രണ്ടാം സെറ്റില്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതോടെ ദേഷ്യപ്പെട്ട് റാക്കറ്റ് വലിച്ചെറിഞ്ഞു. ഇതോടെ രണ്ടാം മുന്നറിയിപ്പ് നല്‍കിയ അമ്പയര്‍ ഒരു പോയിന്റെ കുറക്കുകയും ചെയ്തു. ഇതോടെ സെറീന കൂടുതല്‍ ദേഷ്യപ്പെട്ട് നിങ്ങള്‍ കള്ളനാണെന്നും മാപ്പ് പറയണമെന്നും അമ്പയറോട് പറഞ്ഞു. മത്സരത്തിനു ശേഷം അമ്പയര്‍ക്ക് കൈ കൊടുക്കാനും സെറീന നിന്നില്ല. അമ്പയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്ന് സെറീന പറയുന്നു. 

ടെന്നീസ് കോര്‍ട്ടിലെ തുല്ല്യതയ്ക്ക് വേണ്ടിയുള്ള പ്രതിഷേധമാണ് താന്‍ നടത്തിയതെന്ന സെറീനയുടെ മറുപടി ലോകം കൈയടികളോടെയാണ് ഏറ്റുവാങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com