വിവേചനത്തിനെതിരായ പൊട്ടിത്തെറി; സെറീനയെ പിന്തുണച്ച് ഡബ്ല്യു.ടി.എ ചീഫ് എക്‌സിക്യൂട്ടീവും, യു.എസ് ഓപണ്‍ അധ്യക്ഷയും

താനൊരു വനിതാ താരമായതുകൊണ്ട് വിവേചനപരമായ പെരുമാറ്റമാണ് അമ്പയറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും താന്‍ സെക്‌സിസത്തിന് ഇരയാക്കപ്പെടുകയായിരുന്നുവെന്നും സെറീന പ്രതികരിച്ചിരുന്നു
വിവേചനത്തിനെതിരായ പൊട്ടിത്തെറി; സെറീനയെ പിന്തുണച്ച് ഡബ്ല്യു.ടി.എ ചീഫ് എക്‌സിക്യൂട്ടീവും, യു.എസ് ഓപണ്‍ അധ്യക്ഷയും

ന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ടെന്നീസ് വനിതാ ഫൈനലിനിടെ അരങ്ങേറിയ വിവാദ സംഭവങ്ങളില്‍ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസിന് പിന്തുണയുമായി ലോക ടെന്നീസ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടീവും യു.എസ് ഓപണ്‍ അധ്യക്ഷയും രംഗത്ത്. 

താനൊരു വനിതാ താരമായതുകൊണ്ട് വിവേചനപരമായ പെരുമാറ്റമാണ് അമ്പയറുടെ ഭാഗത്ത് നിന്നുണ്ടായതെന്നും താന്‍ സെക്‌സിസത്തിന് ഇരയാക്കപ്പെടുകയായിരുന്നുവെന്നും സെറീന പ്രതികരിച്ചിരുന്നു. അമ്പയര്‍മാര്‍ക്കെതിരെ നിരവധി പുരുഷ താരങ്ങള്‍ പ്രതികരിക്കാറുണ്ടെങ്കിലും അവര്‍ക്കെതിരെയൊന്നും ഇത്തരം നടപടികളുണ്ടായിട്ടില്ലെന്നും സെറീന ചൂണ്ടിക്കാട്ടിയിരുന്നു. ടെന്നീസ് കോര്‍ട്ടിലെ തുല്ല്യതയ്ക്ക് വേണ്ടിയുള്ളപ്രതിഷേധമാണ് താന്‍ നടത്തിയതെന്ന സെറീനയുടെ മറുപടി ലോകം കൈയടികളോടെയാണ് ഏറ്റുവാങ്ങിയത്.

ലോക ടെന്നീസ് അസോസിയേഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് സ്റ്റീവ് സൈമണ്‍ പത്രക്കുറിപ്പിലൂടെയാണ് പിന്തുണ പ്രഖ്യാപിച്ചത്. സെറീനയുടെ വിവാദ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് രണ്ട് തരം നിയമങ്ങളെന്ന തരത്തിലുള്ള ചര്‍ച്ചകളുണ്ടായിരുന്നു. ടെന്നീസ് കോര്‍ട്ടുകളില്‍ പുരുഷ, വനിതാ താരങ്ങള്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ പ്രടിപ്പിക്കാം. അസോസിയേഷന്‍ താരങ്ങളെ തുല്ല്യരായി തന്നെയാണ് കാണുന്നത്. ഗ്രാന്‍ഡ് സ്ലാം മത്സരങ്ങള്‍ നടക്കുന്നതിനിടെ കോച്ചിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനുള്ള അവസരം നിലവിലില്ല. എന്നാല്‍ അത്തരമൊരു സൗകര്യം താരങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കും. ഇതേക്കുറിച്ച് കൂടുതല്‍ അഭിപ്രായങ്ങള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യു.എസ് ഓപണ്‍ ടെന്നീസ് അധ്യക്ഷ കത്രിന ആദംസും സെറീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സെറീനയുടെ ടെന്നീസിലെ മികവും കായിക താരമെന്ന നിലയിലുള്ള ഇടപെടലുകളും മികച്ചതാണ്. അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ തുല്ല്യത കാണാന്‍ സാധിക്കാറില്ലെന്ന് കത്രിന ആദംസും അംഗീകരിച്ചു. ഗ്രൗണ്ടിലെ സെറീനയുടെ സമീപനത്തെ വിമര്‍ശിക്കാം. എന്നാല്‍ അവരോട് അമ്പയര്‍ എടുത്ത സമീപനവും തെറ്റാണെന്ന് പറയേണ്ടി വരും.

മത്സരത്തിനിടെ അച്ചടക്കം ലംഘിച്ചത് ചൂണ്ടിക്കാട്ടി ഏതാണ്ട് 12 ലക്ഷം രൂപ പിഴ ശിക്ഷയ്ക്ക് സെറീന വിധേയായി. മൂന്ന് കുറ്റങ്ങളാണ് സെറീനയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമ്പയര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിച്ചതിനും മത്സരത്തിനിടെ കോച്ച് ഇടപെട്ടതിനും റാക്കറ്റ് എറിഞ്ഞ് പൊട്ടിച്ചതിനുമാണ് പിഴ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com