ഓവലിലും ഇം​ഗ്ലണ്ട്; വിജയത്തോടെ അലസ്റ്റയർ കുക്കിന്റെ പടിയിറക്കം; പാഴായ സെഞ്ച്വറികളുമായി രാഹുലും റിഷഭ് പന്തും

118 റൺസിനാണ് ഇം​ഗ്ലണ്ടിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇം​​ഗ്ലണ്ട് സ്വന്തമാക്കി. ജയത്തോടെ മുൻ നായകൻ അലസ്റ്റയർ കുക്കിന് ഉചിതമായ വിട വാങ്ങൽ ഒരുക്കാനും ഇം​ഗ്ലീഷ് ടീമിനായി
ഓവലിലും ഇം​ഗ്ലണ്ട്; വിജയത്തോടെ അലസ്റ്റയർ കുക്കിന്റെ പടിയിറക്കം; പാഴായ സെഞ്ച്വറികളുമായി രാഹുലും റിഷഭ് പന്തും

ലണ്ടൻ: കെ.എൽ രാഹുലും റിഷഭ് പന്തും തീർത്ത ഇരട്ട സെഞ്ച്വറിയുടെ മതിൽ പൊളിച്ച് ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും ഇം​ഗ്ലണ്ടിന് വിജയം. 118 റൺസിനാണ് ഇം​ഗ്ലണ്ടിന്റെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇം​​ഗ്ലണ്ട് സ്വന്തമാക്കി. ജയത്തോടെ മുൻ നായകൻ അലസ്റ്റയർ കുക്കിന് ഉചിതമായ വിട വാങ്ങൽ ഒരുക്കാനും ഇം​ഗ്ലീഷ് ടീമിനായി. 464 റൺസ് വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യൻ നിരയെ 345 റൺസിൽ പുറത്താക്കിയാണ് ഇം​ഗ്ലണ്ട് വിജയം പിടിച്ചത്. ഒന്നാം ഇന്നിങ്സിൽ അർധ സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും തികച്ച് അലസ്റ്റയർ കുക്ക് അവിസ്മരണീയ പോരാട്ടം കാഴ്ചവച്ചാണ് അന്താരാഷ്ട്ര മത്സരങ്ങളോട് ഹംസ​ഗാനം ചൊല്ലിയത്. 

ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 332 റൺസും രണ്ടാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 423 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 292 റൺസും രണ്ടാം ഇന്നിങ്സിൽ 345 റൺസും എടുത്തു. 

ടെസ്റ്റ് കരിയറിലെ അഞ്ചാം സെഞ്ച്വറി തികച്ച കെ.എൽ രാഹുലിന്റേയും കന്നി ടെസ്റ്റ് ശതകം കുറിച്ച റിഷഭ് പന്തിന്റെയും കിടയറ്റ ഇന്നിങ്സുകൾ ഒരുവേള ഇന്ത്യക്ക് വൻ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ മൂന്ന് റൺസിന്റെ ഇടവേളയിൽ രാഹുലും ഋഷഭ് പന്തും പുറത്ത്. ആദിൽ റഷീദാണ് ഇരുവരെയും മടക്കി ഇം​ഗ്ലണ്ടിനെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചത്. 

ആറാം വിക്കറ്റിൽ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് തീർത്താണ് (204) ഇരുവരും പുറത്തായത്. 223 പന്തിൽ 20 ബൗണ്ടറിയും ഒരു സിക്സും സഹിതം 149 റൺസെടുത്ത രാഹുലിനെ റഷീദ് ക്ലീൻ ബൗൾഡാക്കിയപ്പോൾ, 146 പന്തിൽ 15 ബൗണ്ടറിയും നാല് സിക്സും സഹിതം 114 റൺസെടുത്ത പന്തിനെ മോയിൻ അലിയുടെ കൈകളിലെത്തിച്ചാണ് റഷീ​ദ് രണ്ടാം വിക്കറ്റും കൊയ്തത്. പിന്നീടെത്തിയവരെ ക്ഷണത്തിൽ തന്നെ മടക്കി ഇം​ഗ്ലണ്ട് വിജയം ഉറപ്പാക്കുകയായിരുന്നു. ഇം​ഗ്ലണ്ടിനായി ആൻഡേഴ്സൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 

നേരത്തെ ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയ കെ.എല്‍ രാഹുലിന് പിന്തുണയുമായി റിഷഭ് പന്ത് നിറഞ്ഞു. കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്റെ കന്നി സെഞ്ച്വറി നേടി അവിസ്മരണീയമാക്കാന്‍ പന്തിന് സാധിച്ചു.

118 പന്തിലാണ് രാഹുല്‍ ടെസ്റ്റിലെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ ഇതാദ്യമായാണ് രാഹുല്‍ 50ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. നാലാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം രാഹുല്‍ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിച്ചു. നാലാം വിക്കറ്റില്‍ രാഹുല്‍- രഹാനെ സഖ്യം 118 റണ്‍സ് തീര്‍ത്തെങ്കിലും പിന്നാലെ ഒരു റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. രഹാനെ (37), അരങ്ങേറ്റ താരം ഹനുമ വിഹാരി (പൂജ്യം) എന്നിവരാണ് പുറത്തായത്. ഇന്ത്യന്‍ സ്‌കോര്‍ 120ല്‍ നില്‍ക്കെ രഹാനെയെ മോയിന്‍ അലിയും 121ല്‍ നില്‍ക്കെ വിഹാരിയെ സ്‌റ്റോക്‌സും പുറത്താക്കി.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക്, രഹാനെ–രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. 106 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലി ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com