രാഹുലിന് പിന്നാലെ കന്നി സെഞ്ച്വറിയുമായി റിഷഭ് പന്ത്; പ്രതീക്ഷയോടെ ഇന്ത്യന്‍ പോരാട്ടം

കെ.എല്‍ രാഹുലിന് പിന്നാലെ റിഷഭ് പന്തും സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ ഇന്ത്യ കരുതലോടെ മുന്നോട്ട് പോകുന്നു
രാഹുലിന് പിന്നാലെ കന്നി സെഞ്ച്വറിയുമായി റിഷഭ് പന്ത്; പ്രതീക്ഷയോടെ ഇന്ത്യന്‍ പോരാട്ടം

ലണ്ടന്‍: കെ.എല്‍ രാഹുലിന് പിന്നാലെ റിഷഭ് പന്തും സെഞ്ച്വറിയുമായി കളം നിറഞ്ഞതോടെ ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കരുതലോടെ മുന്നോട്ട് പോകുന്നു. 464 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ ചായക്ക് പിരിഞ്ഞപ്പോള്‍ 75 ഓവറില്‍ 298 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യക്ക് ജയത്തിലേക്ക് 166 റണ്‍സ് കൂടി വേണം. രാഹുല്‍- പന്ത് സഖ്യം പുറത്താകാതെ അവസാന സെഷന്‍ വരെ നിന്നാല്‍ വിജയിച്ചില്ലെങ്കിലും സമനില പിടിച്ച് മത്സരം രക്ഷിച്ചെടുക്കാം. പിരിയാത്ത ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 177 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിട്ടുണ്ട്. 

ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങി നിര്‍ത്തിയ കെ.എല്‍ രാഹുലിന് പിന്തുണയുമായി റിഷഭ് പന്ത് നിറഞ്ഞു. കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്റെ കന്നി സെഞ്ച്വറി നേടി അവിസ്മരണീയമാക്കാന്‍ പന്തിന് സാധിച്ചു. കളി നിര്‍ത്തുമ്പോള്‍ പന്ത് 118 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം 101 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. നേരത്തെ സെഞ്ച്വറി തികച്ച രാഹുല്‍ 210 പന്തില്‍ 142 റണ്‍സുമായി പോരാട്ടം തുടരുന്നു. 

നേരത്തെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി തികച്ച രാഹുല്‍ സുനില്‍ ഗാവസ്‌കറിന് ശേഷം ഇംഗ്ലണ്ട് മണ്ണില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപണറെന്ന പെരുമ സ്വന്തമാക്കി.

118 പന്തിലാണ് രാഹുല്‍ ടെസ്റ്റിലെ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ ഇതാദ്യമായാണ് രാഹുല്‍ 50ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. നാലാം വിക്കറ്റില്‍ അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം രാഹുല്‍ സെഞ്ച്വറി കൂട്ടുകെട്ടും സൃഷ്ടിച്ചു. നാലാം വിക്കറ്റില്‍ രാഹുല്‍- രഹാനെ സഖ്യം 118 റണ്‍സ് തീര്‍ത്തെങ്കിലും പിന്നാലെ ഒരു റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. രഹാനെ (37), അരങ്ങേറ്റ താരം ഹനുമ വിഹാരി (പൂജ്യം) എന്നിവരാണ് പുറത്തായത്. ഇന്ത്യന്‍ സ്‌കോര്‍ 120ല്‍ നില്‍ക്കെ രഹാനെയെ മോയിന്‍ അലിയും 121ല്‍ നില്‍ക്കെ വിഹാരിയെ സ്‌റ്റോക്‌സും പുറത്താക്കി.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക്, രഹാനെ–രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തി. 106 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം 37 റണ്‍സെടുത്ത രഹാനെയെ മോയിന്‍ അലി ജെന്നിങ്‌സിന്റെ കൈകളിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com