​സെഞ്ച്വറിയുമായി കെ.എൽ രാ​ഹുൽ ​ഗവാസ്കറിനൊപ്പം; തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാനായി ഇന്ത്യ പൊരുതുന്നു
​സെഞ്ച്വറിയുമായി കെ.എൽ രാ​ഹുൽ ​ഗവാസ്കറിനൊപ്പം; തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു

ലണ്ടൻ: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി ഒഴിവാക്കാനായി ഇന്ത്യ പൊരുതുന്നു. സെഞ്ച്വറി നേടി പൊരുതുന്ന ലോകേഷ് രാഹുലിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 464 റൺസിന്റെ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ ലഞ്ചിന് പിരിയുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകൾ കൈയിലിരിക്കേ ഇന്ത്യക്ക് വിജയത്തിലേക്ക് 297 റൺസ് കൂടി വേണം. വിജയ സാധ്യത വിദൂരമാണെങ്കിലും ഒരു സമനില പിടിച്ച് മുഖം രക്ഷിക്കാനുള്ള അവസരം ഇന്ത്യക്കുണ്ട്. 126 പന്തുകൾ നേരിട്ട് 17 ഫോറും ഒരു സിക്സും സഹിതം 108 റൺസുമായി രാഹുൽ ക്രീസിലുണ്ട്. ഒരോ സിക്സും ഫോറും തൂക്കി 22 പന്തിൽ 12 റൺസുമായി റിഷഭ് പന്താണ് രാഹുലിന് കൂട്ടായുള്ളത്. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി തികച്ച രാ​ഹുൽ സുനിൽ ഗാവസ്കറിന് ശേഷം ഇംഗ്ലണ്ട് മണ്ണിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപണറെന്ന പെരുമ സ്വന്തമാക്കി.

118 പന്തിലാണ് രാഹുൽ ടെസ്റ്റിലെ അഞ്ചാം സെഞ്ച്വറി പൂർത്തിയാക്കിയത്. പരമ്പരയിൽ ഇതാദ്യമായാണ് രാഹുൽ 50ന് മുകളിൽ റൺസ് സ്കോർ ചെയ്യുന്നത്. നാലാം വിക്കറ്റിൽ അജിൻക്യ രഹാനെയ്ക്കൊപ്പം രാഹുൽ സെഞ്ച്വറി ​കൂട്ടുകെട്ടും സൃഷ്ടിച്ചു. നാലാം വിക്കറ്റിൽ രാഹുൽ–രഹാനെ സഖ്യം  118 റൺസ് തീർത്തെങ്കിലും പിന്നാലെ ഒരു റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. രഹാനെ (37), അരങ്ങേറ്റ താരം ഹനുമ വിഹാരി (പൂജ്യം) എന്നിവരാണ് പുറത്തായത്. ഇന്ത്യൻ സ്കോർ 120ൽ നിൽക്കെ രഹാനെയെ മോയിൻ അലിയും 121ൽ നിൽക്കെ വിഹാരിയെ സ്റ്റോക്സും പുറത്താക്കി.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക്, രഹാനെ–രാഹുൽ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. കൂടുതൽ വിക്കറ്റ് നഷ്ടം കൂടാതെ ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. 106 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം 37 റൺസെടുത്ത രഹാനെയെ മോയിൻ അലി ജെന്നിങ്സിന്റെ കൈകളിലെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com