മകന് ദേശീയ ടീമില്‍ ഇടം കിട്ടാൻ ഇന്‍സമാം ഇടപെട്ടു ; പാക് ക്രിക്കറ്റില്‍ പുതിയ വിവാദം

പാക് മുന്‍ താരവും മുന്‍ സെലക്ടറുമായ അബ്ദുള്‍ ഖാദിറാണ് ആരോപണം ഉന്നയിച്ചത്
മകന് ദേശീയ ടീമില്‍ ഇടം കിട്ടാൻ ഇന്‍സമാം ഇടപെട്ടു ; പാക് ക്രിക്കറ്റില്‍ പുതിയ വിവാദം

ഇസ്ലാമാബാദ് : വിവാദങ്ങള്‍ക്ക് പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ഒരു കാലത്തും പഞ്ഞമുണ്ടാകാറില്ല. ടീം സെലക്ഷനുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉടലെടുത്തത്. പാക് മുന്‍നായകനും ദേശീയ സീനിയര്‍ ടീം ചീഫ് സെലക്ടറുമായ ഇന്‍സമാം ഉള്‍ഹഖാണ് പുതിയ വിവാദത്തിലെ നായകന്‍. പാകിസ്ഥാന്‍ ജൂനിയര്‍ ടീമില്‍ മകന്‍ ഇബ്തിസാം ഉള്‍ ഹഖിന് ഇടംനേടിക്കൊടുക്കാന്‍ ഇന്‍സമാം ഇടപെട്ടുവെന്നാണ് ആരോപണം. 

പാക് മുന്‍ ക്രിക്കറ്റ് താരവും മുന്‍ ചീഫ് സെലക്ടറുമായ അബ്ദുള്‍ ഖാദിറാണ് ആരോപണം ഉന്നയിച്ചത്. ജൂനിയര്‍ ടീം ചീഫ് സെലക്ടര്‍ ബാസിത് അലിയെ, സീനിയര്‍ ടീം ചീഫ് സെലക്ടര്‍ എന്ന പദവി ഉപയോഗിച്ച് സ്വാധീനിച്ചു എന്നാണ് അബ്ദുള്‍ ഖാദിര്‍ ആരോപിച്ചത്. ഇക്കാര്യം ബാസിത് അലിയാണ് തന്നോട് വെളിപ്പെടുത്തിയതെന്നും ഇദ്ദേഹം പറയുന്നു. 

അബ്ദുള്‍ ഖാദിറിന്റെ ആരോപണം പാക് മാധ്യമങ്ങളും ചര്‍ച്ചയാക്കി. ഇതിന് പിന്നാലെ ആരോപണം നിഷേധിച്ച് ഇന്‍സമാമും ബാസിത് അലിയും രംഗത്തെത്തി. കെട്ടിച്ചമച്ചതും ദുരുദ്ദേശപരവുമായ ആരോപണം ആണിത്. മകനെ ടീമിലെടുക്കാന്‍ ആവശ്യപ്പെട്ട് ആരെയും താന്‍ സമീപിച്ചിട്ടില്ല. വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനെ കാണുമെന്ന് ഇന്‍സമാം വ്യക്തമാക്കി. 

പാകിസ്ഥാന് വേണ്ടി സീനിയര്‍ ടീമില്‍ കളിച്ചിട്ടുള്ളവരാണ് ഇന്‍സമാമും ബാസിത് അലിയും അബ്ദുള്‍ ഖാദിറും. ബന്ധുക്കളെ ദേശീയ ടീമിലെത്തിക്കാന്‍ ഇടപെട്ടു എന്ന് ഇന്‍സമാമിനെതിരെ മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. അനന്തരവന്‍ ഇമാം ഉള്‍ ഹഖ് ടീമില്‍ ഇടം പിടിച്ചതോടെയാണ് ഇത്. എന്നാല്‍ 22 കാരനായ ഇമാം 9 ഏകദിനങ്ങളില്‍ നാല് സെഞ്ച്വറി കണ്ടെത്തിയതോടെ വിമര്‍ശനങ്ങള്‍ കെട്ടടങ്ങുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com