ഒടുവില്‍ പാഠം പഠിച്ച് ശാസ്ത്രി, ഓസ്‌ട്രേലിയന്‍ ടെസ്റ്റിന് മുന്‍പ് പരിശീലന മത്സരം വേണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th September 2018 01:16 PM |
Last Updated: 14th September 2018 01:16 PM | A+A A- |

ഒടുവില്‍ രവിശാസ്ത്രിയും പറഞ്ഞു, ഓസ്‌ട്രേലിയന്‍ ടെസ്റ്റിന് മുന്‍പ് പരിശീലന മത്സരം വേണം. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ഇംഗ്ലണ്ട് പരമ്പരകളുടെ സമയത്ത് സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിര്‍ദേശം മുന്നോട്ടു വെച്ചപ്പോള്‍ മുഖം തിരിഞ്ഞു നിന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആണ് ഇപ്പോള്‍ നിലപാട് മാറ്റുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരം വേണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായി ശാസ്ത്രി പറയുന്നു. എന്നാല്‍ ഇതുപോലൊരു ഷെഡ്യൂളില്‍ എവിടെയാണ് പരിശീലന മത്സരത്തിനുള്ള സമയം എന്നും ശാസ്ത്രി ചോദിക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ പരിശീലന മത്സരം കളിക്കാതിരുന്ന ഇന്ത്യ, ഇംഗ്ലണ്ടില്‍ എസെക്‌സിനെതിരായ മത്സരം മൂന്ന് ദിവസമായി വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു.
പരിശീലന മത്സരം വേണ്ടെന്ന നിലപാട് ഒരിക്കലും എടുത്തിട്ടില്ലെന്നും ശാസ്ത്രി വാദിക്കുന്നു. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും രണ്ടാം ടെസ്റ്റിന് ശേഷം നമ്മള്‍ പുരോഗതി കാണിക്കുന്നുണ്ടായി. എന്തുകൊണ്ട് ആദ്യ ടെസ്റ്റില്‍ തന്നെ ഈ പുരോഗതി കൊണ്ടുവന്നുകൂടായെന്നും ശാസ്ത്രി ചോദിക്കുന്നു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ട്വിന്റി20 മത്സരമുണ്ട്. ട്വിന്റി20 മത്സരത്തിന് ശേഷം ആദ്യ ടെസ്റ്റിലേക്ക് പത്ത് ദിവസത്തെ ഇടവേളയാണ് ഉള്ളത്. ഇവിടെ പരിശീലന മത്സരം കളിക്കാന്‍ സമയം എവിടെയാണെന്നും, നമ്മുടെ നിയന്ത്രണത്തില്‍ അല്ല ഇതെല്ലാം എന്നും ശാസ്ത്രി പറഞ്ഞു.