ഇന്ത്യ-പാക് പോര് രോഹിത്തിനുള്ള പരീക്ഷ; പാക്കിസ്ഥാന് മുന്നില്‍ വിയര്‍ക്കേണ്ടി വരും

 ധോനിക്ക് ഇണങ്ങുന്ന ബാറ്റിങ് പൊസിഷന്‍ കണ്ടെത്തി, നാലാം സ്ഥാനത്ത് തുടരുന്ന തലവേദന തീര്‍ക്കുക എന്ന കടമ്പയാണ് ഇന്ത്യയുടെ മുന്നിലുള്ളത്
ഇന്ത്യ-പാക് പോര് രോഹിത്തിനുള്ള പരീക്ഷ; പാക്കിസ്ഥാന് മുന്നില്‍ വിയര്‍ക്കേണ്ടി വരും

ലോക കപ്പിനുള്ള മുന്നൊരുക്കും, രോഹിത്തിന്റെ നായകത്വം, കോഹ് ലിയുടെ അഭാവം, ഇന്ത്യാ-പാക് പോര്...ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതെല്ലാമാണ് ഏഷ്യാ കപ്പ്. കോഹ് ലിയുടെ അസാന്നിധ്യം ഹൈലൈറ്റ് ചെയ്തു നില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാക് പോരാണ് ഏഷ്യാ കപ്പിലേക്ക് ആരാധകരുടെ താത്പര്യം കൂട്ടുന്നത്. 

ചെറു ടീമുകളുടെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ രണ്ട് വട്ടം ആരാധകര്‍ക്ക് ഇന്ത്യാ-പാക് പോര് കാണാം. ഇന്ത്യ-പാക് ഫൈനല്‍ പ്രതീക്ഷയും ആരാധകരുടെ ആവേശം കൂട്ടുന്നു. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ മറുപടി കൂടി ഇന്ത്യയ്ക്ക് നല്‍കേണ്ടതുണ്ട്. 

കോഹ് ലിയുടെ അസാന്നിധ്യത്തില്‍ സമ്മര്‍ദ്ദത്തോട് ടീം എങ്ങിനെ പ്രതികരിക്കുന്നു എന്ന് ഇന്ത്യന്‍ സംഘത്തിന് അളക്കാനുള്ള അവസരമാണ് ഇത്. വൈറ്റ് ബോളില്‍ തകര്‍ത്തു കളിക്കുന്ന രോഹിത് ശര്‍മയ്ക്ക് ഒരു ക്വാളിറ്റി ടീമിനെതിരെ തന്റെ നായകത്വം പരീക്ഷിക്കാനുള്ള അവസരം കൂടിയാണ് മുന്നിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ലങ്കയ്‌ക്കെതിരെ രോഹിത് ഇന്ത്യയെ നയിച്ചുവെങ്കിലും ആ ലങ്കന്‍ ടീമിന്റെ അവസ്ഥ എന്തെന്ന് എല്ലാവരും കണ്ടറിഞ്ഞതായിരുന്നു. ഭേദപ്പെട്ട ഏകദിന ടീമായിട്ടാണ് ബംഗ്ലാദേശ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രോഹിത്തിന് വെല്ലുവിളി പാക്കിസ്ഥാന്‍ തന്നെ.

ലോകോത്തര ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അമീര്‍, മികച്ച ഓള്‍ഡ് റൗണ്ടറായ ഹസന്‍ അലി, തകര്‍ത്ത് അടിച്ചു തുടങ്ങുന്ന ഫഖര്‍ സമന്‍, ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തുന്ന ബാബര്‍ അസം, ഹാരിസ് സൊഹയില്‍ എന്നിവര്‍ അടങ്ങുന്ന പാക്കിസ്ഥാനോട് പോരിനിറങ്ങുമ്പോഴാണ് രോഹിത്തിനുള്ള യഥാര്‍ഥ പരീക്ഷ വരുന്നത്. 

നായകന്‍ എന്ന നിലയില്‍ വരുമ്പോള്‍ തകര്‍ത്തു കളിക്കുക എന്നതാണ് രോഹിത്തിന്റെ നയം. നായകനായി എത്തിയ മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 108.50 ബാറ്റിങ് ശരാശരിയില്‍ 217 റണ്‍സാണ് രോഹിത്ത് സ്‌കോര്‍ ചെയ്തത്. 208 റണ്‍സ് പിറന്നതും നായകനായി ഇരുന്നപ്പോള്‍ തന്നെ. ധോനിക്ക് ഇണങ്ങുന്ന ബാറ്റിങ് പൊസിഷന്‍ കണ്ടെത്തി, നാലാം സ്ഥാനത്ത് തുടരുന്ന തലവേദന തീര്‍ക്കുക എന്ന കടമ്പയാണ് ഏഷ്യാ കപ്പിന് ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ മുന്നിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com