മലിംഗ കൊടുങ്കാറ്റില്‍ പതറി ബംഗ്ലാദേശ്; സെഞ്ച്വറിയുമായി മുഷ്ഫിഖര്‍ റഹിമിന്റെ പോരാട്ടം; ലങ്കയ്ക്ക് ലക്ഷ്യം 262 റണ്‍സ്

മലിംഗ കൊടുങ്കാറ്റില്‍ പതറി ബംഗ്ലാദേശ്; സെഞ്ച്വറിയുമായി മുഷ്ഫിഖര്‍ റഹിമിന്റെ പോരാട്ടം; ലങ്കയ്ക്ക് ലക്ഷ്യം 262 റണ്‍സ്

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ ശ്രീലങ്കയ്ക്ക് 262 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനെ ഒരിടവേളയ്ക്ക് ശേഷം ടീമിലെത്തിയ വെറ്ററന്‍ പേസര്‍ ലസിത് മലിംഗയുടെ തീപ്പാറും പന്തുകള്‍ വെട്ടിലാക്കി. വിക്കറ്റ് കീപ്പര്‍ ബറ്റ്‌സ്മാന്‍ മുഷ്ഫിഖര്‍ റഹിം നേടിയ സെഞ്ച്വറിയും മുഹമ്മദ് മിതുന്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് ബംഗ്ലാദേശിനെ നയിച്ചത്. മറ്റെല്ലാ താരങ്ങളും ചടങ്ങ് തീര്‍ത്ത് മടങ്ങി. 

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മലിംഗയ്ക്ക് സാധിച്ചു. 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 23 റണ്‍സ് മാത്രം വഴങ്ങി മലിംഗ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒരു ഘട്ടത്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ വീണ് കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ട ബംഗ്ലാദേശിനെ കരിയറിലെ ആറാം ഏകദിന സെഞ്ച്വറി തികച്ചാണ് മുഷ്ഫിഖര്‍ രക്ഷിച്ചെടുക്കുകയായിരുന്നു. താരത്തിന് ഉറച്ച പിന്തുണ നല്‍കാന്‍ മിതുനിനും സാധിച്ചു. റഹിം 150 പന്തുകള്‍ നേരിട്ട് 11 ഫോറും നാല് സിക്‌സും സഹിതം 144 റണ്‍സെടുത്തു. അവസാന വിക്കറ്റായി കൂടാരം കയറിയതും റഹിം തന്നെ. മിതുന്‍ 68 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 63 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് 142 പന്തുകളില്‍ നിന്നായി 131 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 

ലങ്കയ്ക്കായി മലിംഗ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ധനഞ്ജയ സില്‍വ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ലക്മല്‍, അപോണ്‍സോ, തിസര പെരേര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com