സലയും മനേയും തമ്മില്‍ ഉടക്ക്? സ്വാര്‍ത്ഥത അല്ലെന്ന് ക്ലോപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th September 2018 12:33 PM |
Last Updated: 17th September 2018 12:33 PM | A+A A- |

പ്രീമിയര്‍ ലീഗ് സീസണില്‍ അഞ്ച് മത്സരങ്ങള്‍ കഴിയുമ്പോള്‍ തോല്‍വി അറിയാതെയാണ് ലിവര്‍പൂളിന്റെ കുതിപ്പ്. ടോട്ടന്‍ഹാം ഉയര്‍ത്തിയ വെല്ലുവിളിയേയും മറികടന്നുവെങ്കിലും സലയും മനേയുമാണ് ലിവര്‍പൂള്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.
ടോട്ടന്‍ഹാമിനെതിരായ മത്സരത്തോടെ വ്യക്തമായ ഇരുവരുടേയും പരസ്പര ധാരണ ഇല്ലായ്മ ഇരുവരും തമ്മിലുള്ള ഇടച്ചിലിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ടോട്ടന്‍ഹാമിനെതിരെ വിജ്‌നാല്‍ഡും, ഫിര്‍മിനോയും ഗോള്‍ വല കുലുക്കിയപ്പോള്‍ സലയുടേയും മനേയുടേയും പേര് സ്‌കോര്‍ ഷീറ്റില്‍ തെളിഞ്ഞില്ല.
ടോട്ടന്‍ഹാമിനെതിരെ മനേയും സലയും ചേര്‍ന്ന് അവസരങ്ങള്‍ കളഞ്ഞു കുളിച്ചില്ലായിരുന്നു എങ്കില്‍ അഞ്ചോ ആറോ ഗോളുകള്‍ ലിവര്‍പൂളിന് നേടാമായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കാണോ? അതോ തനിക്ക് സ്‌കോര്‍ ചെയ്യണം എന്ന സ്വാര്‍ത്ഥതയാണോ ഇവര്‍ക്കിടയിലേക്ക് കടന്നു കൂടിയിരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ സീസണിലെ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയായിരുന്നു ലിവര്‍പൂളിന് വേണ്ടി സലയും മനേയും ഫിര്‍മിനോയും ചേര്‍ന്ന് തീര്‍ത്തത്. എന്നാല്‍ ഈ സീസണിലേക്ക് വരുമ്പോള്‍ സലയ്ക്ക് സ്‌കോര്‍ ചെയ്യുന്നതിന് ആ ഒഴുക്ക് ലിവര്‍പൂള്‍ ടീം അംഗങ്ങളില്‍ നിന്നും ലഭിക്കുന്നില്ല.
ടോട്ടന്‍ഹാമിനെതിരായ രണ്ടാം പകുതിയില്‍ പന്ത് സലയിലേക്ക് പാസ് ചെയ്താല്‍ സ്‌കോര്‍ ചെയ്യാന്‍ സാധ്യത ഉണ്ടെന്നിരിക്കെ, സലയ്ക്ക് പകരം നാബിക്ക് പാസ് ചെയ്തതിലുള്ള രോക്ഷം ടച്ചിങ് ലൈനില്‍ നിന്നും ക്ലോപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ ഇത് സ്വാര്‍ത്ഥത മൂലമല്ല. സ്വാഭാവികമായി സംഭവിക്കുന്നതാണ്. പാസ് ചെയ്യുമ്പോള്‍ തീരുമാനമെടുക്കേണ്ടത് അവരാണ്. ആ നിമിഷത്തില്‍ ഏതാണ് മികച്ചത് എന്ന് തിരഞ്ഞെടുക്കുകയാണ് വേണ്ടത് എന്നായിരുന്നു ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിന്റെ പ്രതികരണം.