കണ്ണിന് കണ്ണെന്ന കണക്കെ കുതിക്കുന്ന ലിവര്‍പൂള്‍; എവിടെ നെയ്മര്‍, എവിടെ കവാനി?

ഫിര്‍മിനോ ഒളിപ്പിച്ചു വെച്ചൊരു ബോംബില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുകയായിരുന്നു ആന്‍ഫീല്‍ഡ് 90ാം മിനിറ്റ് വരെ
കണ്ണിന് കണ്ണെന്ന കണക്കെ കുതിക്കുന്ന ലിവര്‍പൂള്‍; എവിടെ നെയ്മര്‍, എവിടെ കവാനി?

ആദ്യ ഗ്രൂപ്പ് മത്സരമായിരുന്നു. പക്ഷേ ആന്‍ഫീല്‍ഡിലെ അന്തരീക്ഷം ഒരു സെമി ഫൈനല്‍ എന്നോണം ഉണര്‍ന്നു നിന്നു. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് മുന്നേറ്റ നിരകള്‍ തമ്മിലുള്ള പോര്. പക്ഷേ കണ്ണിന് പകരം കണ്ണെന്ന കണക്കും വെച്ച് ഫിര്‍മിനോ കളത്തിലിറങ്ങിയതോടെ നാലായിരം കോടിയുടെ മുന്നേറ്റ നിരയ്ക്ക് മറുപടിയുണ്ടായില്ല. 

യൂറോപ്യന്‍ കപ്പിനോടുള്ള, ആ പ്രണയ സാഫല്യത്തിനായുള്ള വര്‍ഷങ്ങളുടെ കാത്തിരിപ്പ് കഴിഞ്ഞ മെയും പിന്നിട്ട് ആരാധകരെ നിരാശരാക്കി. പക്ഷേ സെപ്തംബറില്‍ ഉയര്‍ത്തെഴുന്നേറ്റ് വീണ്ടും ആ കപ്പില്‍ മുത്തമിടുന്നതിന് വേണ്ടി പൊരുതുകയാണ് ലിവര്‍പൂള്‍. പ്രീമിയര്‍ ലിഗില്‍ കളിച്ച അഞ്ചിലും ജയം പിടിച്ചാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കളിക്കെത്തിയത്. 

പിഎസ്ജി എന്ന, ചാമ്പ്യന്‍സ് ലീഗ് മാത്രം സ്വപ്‌നം കണ്ട് പന്ത് തട്ടുന്നവരെ മലര്‍ത്തിയടിച്ച് അവിടേയുംലിവര്‍പൂളിന് തകര്‍പ്പന്‍ തുടക്കം. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷം പിഎസ്ജിക്ക് തിരിച്ചടിക്കാനായെങ്കിലും ഫിര്‍മിനോ ഒളിപ്പിച്ചു വെച്ചൊരു ബോംബില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുകയായിരുന്നു ആന്‍ഫീല്‍ഡ് 90ാം മിനിറ്റ് വരെ. 

നെയ്മറും എംബാപ്പെയും കവാനിയും തീര്‍ത്ത മുന്നേറ്റ നിരയും, മധ്യനിരയിലെ ഡി മരിയയുടേയും പ്രതിരോധത്തിലെ തിയാഗോ സില്‍വയുടേയും മികവ് ക്ലോപ്പിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഏറ്റില്ല. ജെയിംസ് മില്‍നറും ഹെന്‍ഡേഴ്‌സനും നെയ്മറെ പൂട്ടിയപ്പോള്‍, പത്തൊന്‍പതുകാരന്‍ അര്‍നോള്‍ഡും ഗോമസും കവാനിയുടെ വഴി അടച്ചു. 

ആറ് വര്‍ഷത്തിനിടെ ആദ്യമായിട്ട് ലിവര്‍പൂളിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംപിടിച്ച സ്റ്ററിഡ്ജ് കളത്തിലിറങ്ങി 30ാം മിനിറ്റില്‍ തന്നെ അവസരം മുതലാക്കി. ഫിര്‍മിനോ, സല, മനേ എന്നിവര്‍ക്കൊപ്പം ഗോളടിക്കാന്‍ പാകത്തില്‍ സ്റ്ററിഡ്ജ് കൂടി വരുന്നതോടെ ഈ സീസണില്‍ ലിവര്‍പൂള്‍ കുതിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com