ചുവപ്പു കാര്‍ഡ് ചുവന്ന ചെകുത്താന്മാരുമായുള്ള പോരില്‍ വില്ലനാവുന്നു; ഓള്‍ഡ് ട്രഫോര്‍ഡിലെ കളി നഷ്ടമായേക്കും

154 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചതില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യത്തെ റെഡ് കാര്‍ഡാണ് ഇത്
ചുവപ്പു കാര്‍ഡ് ചുവന്ന ചെകുത്താന്മാരുമായുള്ള പോരില്‍ വില്ലനാവുന്നു; ഓള്‍ഡ് ട്രഫോര്‍ഡിലെ കളി നഷ്ടമായേക്കും

ക്രിസ്റ്റിയാനോയിലൂടെ ചാമ്പ്യന്‍സ് ലീഗ് നേടിയെടുക്കാന്‍ ലക്ഷ്യം വയ്ക്കുകയാണ് യുവന്റ്‌സ്. പക്ഷേ ക്രിസ്റ്റ്യാനോയും ഒരുമിച്ചുള്ള യുവന്റ്‌സിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ തന്നെ ഇറ്റാലിയന്‍ വമ്പന്മാര്‍ക്ക് തിരിച്ചടി. 

29ാം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ട് തങ്ങളുടെ സൂപ്പര്‍ താരത്തിന് പുറത്തേക്ക് പോവേണ്ടി വന്നു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വലെന്‍സിയയെ തകര്‍ത്ത് ആദ്യ കളിയില്‍ ജയം പിടിച്ചുവെങ്കിലും മാഞ്ചസ്റ്ററിനെതിരായ മത്സരം ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടപ്പെട്ടേക്കുമോയെന്ന ആശങ്കയാണ് യുവന്റ്‌സിന് മുകളില്‍. 

പോസ്റ്റിന് മുന്നില്‍ വലെന്‍സിയ പ്രതിരോധ നിര താരം ജയ്‌സന്‍ മുറിലോ ക്രിസ്റ്റിയാനോയുമായുള്ള ചെറിയ പിടിവലിക്ക് പിന്നാലെ ഗ്രൗണ്ടില്‍ വീണു. തൊട്ടടുത്ത നിമിഷം ക്രിസ്റ്റ്യാനോ മുറിലോയുടെ മുടിയില്‍ പിടിച്ച് വലിക്കുകയായിരുന്നു. ആ നിമിഷം തന്നെ റഫറി ക്രിസ്റ്റ്യാനോയ്ക്ക് നേരെ ചുവപ്പു കാര്‍ഡ് വീശി. 

154 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചതില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യത്തെ റെഡ് കാര്‍ഡാണ് ഇത്. വലെന്‍സിയന്‍ പ്രതിരോധ നിരക്കാരനെതിരായ പ്രവര്‍ത്തിക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചാല്‍ തന്റെ പഴയ തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്ററിനെതിരെ ഇറങ്ങാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കില്ല. 

യുവേഫ നിയമപ്രകാരം ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായാല്‍ അടുത്ത യുവേഫ മത്സരത്തിലും ആ താരത്തിന് കളിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഗുരുതരമായ കുറ്റമാണ് ചെയ്തത് എങ്കില്‍ വിലക്ക് കൂടുതല്‍ മത്സരങ്ങളിലേക്കും വന്നേക്കാം. ഇറ്റാലിയന്‍ ക്ലബിന് ക്രിസ്റ്റ്യാനോയുടെ വിലക്കിനെതിരെ അപ്പീല്‍ നല്‍കുകയും ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com