ഹര്‍ദിക് എഴുന്നേറ്റ് നില്‍ക്കാവുന്ന അവസ്ഥയില്‍; മൂന്ന് മാസത്തിനിടെ വീഴുന്ന മൂന്നാമത്തെ താരം

രാജസ്ഥാന്‍ മീഡിയം പേസര്‍ ദീപക് ചഹറിനോട് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്
ഹര്‍ദിക് എഴുന്നേറ്റ് നില്‍ക്കാവുന്ന അവസ്ഥയില്‍; മൂന്ന് മാസത്തിനിടെ വീഴുന്ന മൂന്നാമത്തെ താരം

ആരാധകരെ ആശങ്കയിലാഴ്ത്തിയായിരുന്നു ഹര്‍ദിക് പാണ്ഡ്യ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടില്‍ വീണത്. ഇപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കുന്നുണ്ട് എന്നാണ് പാണ്ഡ്യയുടെ പരിക്കുമായി ബന്ധപ്പെട്ട് ബിസിസിഐ നല്‍കുന്ന വിശദീകരണം. 

പതിനെട്ടാമത്തെ ഓവറിലെ അഞ്ചാമത്തെ ബോള്‍ എറിഞ്ഞതിന് ശേഷമായിരുന്നു വേദന കൊണ്ട് പുളഞ്ഞ് പാണ്ഡ്യ ഗ്രൗണ്ടിലേക്ക് വീണത്. അനക്കമില്ലാതെ പാണ്ഡ്യ ഗ്രൗണ്ടില്‍ കിടന്നപ്പോള്‍ നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള പേശിവലിവ് ആയിരിക്കും എന്നാണ് ആദ്യം വിലയിരുത്തപ്പെട്ടത്. 

എന്നാല്‍ ലോവര്‍ ബാക്ക് ഇഞ്ചുറിയാണ് ഹര്‍ദിക്കിനെ കുഴക്കിയത് എന്നാണ് ബിസിസിഐ വ്യക്തമാക്കുന്നത്. സ്‌ട്രെച്ചറില്‍ പാണ്ഡ്യയെ ഗ്രൗണ്ടില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്നതിന് പിന്നാലെ പാണ്ഡ്യയുടെ ഓവറിലെ അവസാന ബോള്‍ റായിഡു എറിഞ്ഞു. 

ഹര്‍ദിക്കിന്റെ സ്ഥാനത്ത് ഇന്ത്യയ്ക്ക് കേദാര്‍ ജാദവിനെ ആശ്രയിക്കേണ്ടി വരും എന്നാണ് സൂചനകള്‍.എന്നാല്‍ രാജസ്ഥാന്‍ മീഡിയം പേസര്‍ ദീപക് ചഹറിനോട് ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബിസിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കില്‍ നിന്നും ഭേദമായി ഭുവിയും ഭൂമ്രയും മടങ്ങി എത്തിയതിന് പിന്നാലെയാണ് ഹര്‍ദിക്ക് പരിക്കിന്റെ പിടിയിലേക്ക് വീഴുന്നത്. മൂന്ന് മാസത്തിനിടെ പരിക്ക് പിടികൂടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍. 

ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലായിരുന്നു ഭുവി പരിക്കിന്റെ പിടിയിലാവുന്നത്. ഭൂമ്രയേയും പരിക്ക് വലച്ചതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അശ്വിന്റെ പരിക്കും ഇന്ത്യയ്ക്ക് വില്ലനായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com