ഇന്ത്യൻ സൂപ്പർ ലീ​ഗ് അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടനപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെക്കെതിരെ 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. അമര്‍ തൊമര്‍ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ആദ്യ മത്സരം
ഇന്ത്യൻ സൂപ്പർ ലീ​ഗ് അഞ്ചാം പതിപ്പിന് ഇന്ന് തുടക്കം; ഉദ്ഘാടനപ്പോരിൽ കേരള ബ്ലാസ്റ്റേഴ്സ് എടികെക്കെതിരെ 

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സ്, അമർ തൊമർ കൊൽക്കത്ത, ചെന്നൈയിൻ എഫ്.സി, മുംബൈ സിറ്റി എഫ്.സി, എഫ്.സി പൂനെ സിറ്റി, ബം​ഗളൂരു എഫ്.സി, ജംഷഡ്പുർ എഫ്.സി, എഫ്.സി ​ഗോവ, നോർത്ത്ഈസ്റ്റ് യുനൈറ്റഡ്, ഡൽഹി ഡൈനാമോസ് ടീമുകളാണ് ആറ് മാസം നീണ്ടുനിൽക്കുന്ന പോരാട്ടത്തിൽ മാറ്റുരയ്ക്കുന്നത്. 

അമര്‍ തൊമര്‍ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഇന്നാണെങ്കിലും നവംബര്‍ അഞ്ചിന് നടക്കുന്ന ഹോം മാച്ചോടെയാകും മഞ്ഞപ്പട സജീവമാകുക. ആറു മാസം നീളുന്ന നീണ്ട സീസണാണ‌് ഇത്തവണ ഐഎസ‌്‌എലിന്റേത‌്. ലോകത്തെ വമ്പന്‍ ലീഗുകളുടെ നിരയിലേക്ക‌് ചുവടുവയ‌്ക്കുന്നതിനു മുന്നോടിയായാണ‌് നീണ്ട സീസണിലേക്ക‌് ചാമ്പ്യന്‍ഷിപ‌് കടക്കുന്നത് എന്നത് ശ്രദ്ധേയമാകുന്നത്. ടൂർണമെന്റിൽ മൂന്ന് ഇടവേളകളുണ്ടാകും. 

കഴിഞ്ഞ തവണത്തെ വീഴ‌്ചയില്‍ നിന്ന‌് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഉറച്ചാണ‌് കൊല്‍ക്കത്തയും ബ്ലാസ‌്റ്റേഴ‌്സും ഇത്തവണ അങ്കത്തിന‌് ഇറങ്ങുന്നത‌്. മൂന്നാം സീസണില്‍ ജേതാക്കളായിരുന്ന കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ ഒമ്പതാമതായി. ബ്ലാസ്റ്റേഴ്സ് ആറാമതും. മികച്ച കളിക്കാരെ അണിനിരത്തി മൂര്‍ച്ച കൂട്ടിയാണ‌് ഇരു ടീമുകളും മത്സരത്തിനൊരുങ്ങുന്നത്. 

തുടക്കംമുതല്‍ ബ്ലാസ‌്റ്റേഴ‌്സിനൊപ്പമുള്ള സച്ചിന്‍ അവശേഷിച്ച 20 ശതമാനം ഓഹരിയും വിറ്റ‌് ടീമുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഉടമസ്ഥ സ്ഥാനത്തു നിന്ന് സച്ചിന്‍ ഒഴിഞ്ഞതില്‍ നിരാശയുണ്ടെങ്കിലും ടീമിനോടുള്ള തങ്ങളുടെ ആരാധനയില്‍ കുറവൊന്നുമില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പക്ഷം. തുടക്കത്തില്‍ 'സച്ചിന്റെ ടീമെ'ന്ന നിലയില്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ ടീമിന്റെ കട്ട ഫാന്‍സാണെന്നും ഇത്തവണ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാല്‍ വന്നത് ആവേശമേറ്റുമെന്നും ആരാധകർ പറയുന്നു. വെസ‌് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, പോള്‍ റച്ചുബ‌്ക്ക, ജാക്കിചന്ദ‌് സിങ‌്, പുള്‍ഗ, അറാത്ത ഇസുമി, മലയാളി താരം റിനോ ആന്റോ തുടങ്ങിയ താരങ്ങളും ഇത്തവണ ടീമിലില്ല. 

Who will be crowned #HeroISL champion this time around?#LetsFootball #FanBannaPadega pic.twitter.com/JWQILmrXKD

പരിശീലകൻ ഡേവിഡ‌് ജയിംസിന്റെ തന്ത്രങ്ങളാകും പ്രകടനത്തില്‍ നിര്‍ണായകമാകുക. പേരും പെരുമയുമുള്ള വിദേശ താരങ്ങള്‍ക്കു പകരം ടീമിന‌് ആവശ്യമുള്ള കളിക്കാരെയാണ‌് ഇത്തവണ ടീമിലെത്തിച്ചത‌്. യുവത്വത്തിനു മുന്‍തൂക്കം നല്‍കിയാണ് ടീം ഇറങ്ങിയത്. വന്‍ പേരുകാര്‍ക്ക് പകരം എല്ലാ പൊസിഷനിലും നല്ല കളിക്കാരെ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇത്തവണ ശ്രദ്ധിച്ചത്. മുമ്പ് പ്രശ്‌നമായിരുന്ന മധ്യനിരയില്‍ ഉള്‍പ്പെടെ കഴിവുള്ള കളിക്കാരെ എത്തിച്ചതിനാല്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ ഈ ടീം മികച്ച പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. പുതിയതായി ടീമിലെത്തിയവരില്‍ ഫോര്‍വേഡുകളായ മാതേജ് പോപ്ലാറ്റ്‌നിക്കും സ്ലാവിസ ജനോവിച്ചുമാണ് ആരാധകരുടെ ശ്രദ്ധാ കേന്ദ്രങ്ങള്‍.

പ്രതിരോധമാണ‌് ടീമിന്റെ ശക്തി. മികച്ച വിദേശ- ഇന്ത്യന്‍ താരങ്ങളുടെ മിശ്രണമാണ‌് പിന്‍നിര. മലയാളി താരം അനസ‌് എടത്തൊടിക, സന്ദേശ‌് ജിംഗന്‍, വിദേശ താരങ്ങളായ സിറില്‍ കാലി, നെമാന്‍ജ ലാക്കിക‌്പെസിച് എന്നിവർ ഏത് ടീമിനും വെല്ലുവിളിയാകും. ഗോള്‍വല കാക്കാന്‍ അണ്ടര്‍ 17 ലോകകപ്പ‌് താരം ധീരജ‌് സിങ്ങ‌ും ഹര്‍ഷദ‌് മെഹേറും നവീന്‍ കുമാറുമാണ് ടീമിലുള്ളത്. മുന്നേറ്റത്തിൽ മാതേജ് പോപ്ലാറ്റ്‌നിക്കും സ്ലാവിസ ജനോവിച്ചുമൊപ്പം കറേജ‌് പെക്കൂസനും ഹോളിചരണ്‍ സര്‍സറിയുമുണ്ട‌്.

മധ്യനിരയിൽ ദേശീയ താരങ്ങള്‍ക്കാണ‌് പ്രാമുഖ്യം. മലയാളി താരങ്ങളായ സക്കീര്‍ മുണ്ടമ്പാറ, പ്രശാന്ത‌് കെ, സഹല്‍ അബ‌്ദുള്‍ സമദ‌്, അജിത‌് ശിവന്‍, സി കെ വീനീത‌് എന്നിവര്‍ കളി മെനയാനുണ്ട‌്. സെര്‍ബിയയുടെ നിക്കോള ക്രക‌്മറേവിച്ചും സിംബാ‌ബ‌്‌വെയുടെ കിസിറ്റോ കെസിറോണും മധ്യനിരയില്‍ കളിക്കും.

രണ്ടുതവണ ജേതാക്കളായ കൊല്‍ക്കത്ത പരിചയസമ്പന്നരുടെ ബലത്തിലാണ‌് തിരിച്ചുവരവിനു കോപ്പുകൂട്ടുന്നത‌്. ഏഴ‌് വിദേശ താരങ്ങളില്‍ ആറ് പേർക്കും ഐഎസ‌്‌എല്‍ കളിച്ചു പരിചയമുണ്ട‌്. പ്രതിരോധത്തില്‍ ബംഗളൂരു എഫ‌്സിയുടെ മുന്‍ താരം ജോണ്‍ ജോണ്‍സണാണ‌് കരുത്ത‌്. മധ്യനിരയില്‍ നായകന്‍ മാനുവല്‍ ലാന്‍സറോട്ടെ കളി നിയന്ത്രിക്കും. വിദേശികളുടെ ആധിപത്യമുള്ള മുന്‍നിരയാണ‌് ടീമിന്റെ കരുത്ത‌്. നൈജീരിയക്കാരന്‍ കാലു ഉച്ചെ, ബ്രസീലിയന്‍ എവര്‍ട്ടണ്‍ സാന്റോസ‌് എന്നിവരാണ് മുന്നേറ്റത്തിൽ. യൂജിന്‍സണ്‍ ലിങ‌്ദോയും കോമള്‍ തടാലും ഹിതേഷ‌് ശര്‍മയുമാണ് ഇന്ത്യൻ സാന്നിധ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com