'ആ നിമിഷമാണ് കളിക്കളത്തിലെ എന്റെ ബെസ്റ്റ് മൊമന്റ്'; മനസ് തുറന്ന് സച്ചിന്‍

സ്വന്തം ഡ്രസിങ് റൂമില്‍ ലോകകപ്പിലിരിക്കുന്നത് പോലെ മനോഹരമായിട്ട് എന്താണുള്ളത്. കളിക്കളത്തിലെ സുന്ദര നിമിഷമായിരുന്നു അതെന്നും ഇതിഹാസതാരം
'ആ നിമിഷമാണ് കളിക്കളത്തിലെ എന്റെ ബെസ്റ്റ് മൊമന്റ്'; മനസ് തുറന്ന് സച്ചിന്‍

ദുബൈ: 2011 ഏപ്രില്‍ രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തില്‍ ലോകകപ്പ് ഉയര്‍ത്തിയ ആ നിമിഷമാണ് തന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അതിലും വലിയൊരു നിമിഷം കളിക്കളത്തില്‍ ഉണ്ടായിട്ടില്ല. ആ ലോകകപ്പില്‍ ടീമിനായി ഏറ്റവുമധികം റണ്‍സ് നേടിയതും ഞാനായിരുന്നു. അതിന്റെ എല്ലാ സന്തോഷവും ഉണ്ടായിരുന്നുവെന്ന് സച്ചിന്‍ പറയുന്നു. സ്വന്തം ഡ്രസിങ് റൂമില്‍ ലോകകപ്പിലിരിക്കുന്നത് പോലെ മനോഹരമായിട്ട് എന്താണുള്ളത്. കളിക്കളത്തിലെ സുന്ദര നിമിഷമായിരുന്നു അതെന്നും ഇതിഹാസതാരം മനസ് തുറന്നു.  ലോകകപ്പ് നേട്ടത്തിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് സച്ചിന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌

ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ശ്രീലങ്കന്‍ ബാറ്റ്‌സ്മാനായിരുന്ന ദില്‍ഷന്‍ തിലകരത്‌നെയായിരുന്നു ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം. സച്ചിന്‍ രണ്ടാം സ്ഥാനത്തായിരുന്നു.  ടോസ് നേടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സായിരുന്നു ഫൈനലില്‍ നേടിയത്. 103 റണ്‍സ് നേടി ജയവര്‍ധനെ ഇന്ത്യയ്ക്ക് മുമ്പിലൊരു വന്‍മതിലായി നിന്നു. 

സച്ചിനെയും സെവാഗിനെയും നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് അവിസ്മരണീയ ദിനം നല്‍കിയത് 97 റണ്‍സെടുത്ത ഗൗതം ഗംഭീറും 91 റണ്‍സെടുത്ത ധോണിയുമായിരുന്നു. ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടില്‍ ക്രിക്കറ്റ് പ്രേമികള്‍ അമ്പരന്നു. അല്ലാതെന്ത് ചെയ്യാന്‍, ആ സിക്‌സര്‍ ഏഴാം നമ്പറുകാരന്‍ ധോണി തൊടുത്തത് കിരീടത്തിലേക്കും പിന്നെ കോടിക്കണക്കിന് വരുന്ന ആരാധകുടെ ഹൃദയങ്ങളിലേക്കുമായിരുന്നു.

കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് പിന്‍ഗാമികള്‍ ഉണ്ടാവാന്‍ നീണ്ട 28 വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്ന് അന്ന് ചില മാധ്യമങ്ങള്‍ എഴുതി. നുരയുന്ന ഷാംപെയ്ന്‍ ചീറ്റിച്ച് യുവിയെ നോക്കുന്ന സച്ചിന്റെ ചിത്രം പിറ്റേന്നത്തെ പത്രങ്ങള്‍ കണ്ടവര്‍ എങ്ങനെ മറക്കും. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ,ലോകകപ്പ് കയ്യിലേന്തിയ ആ നിമിഷത്തെയാണ് താന്‍ നെഞ്ചോട് ചേര്‍ക്കുന്നതെന്ന് മാസ്റ്റര്‍ ബ്ലാസ്റ്ററും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com