എട്ട് കളികളായി, ഗോള്‍ വല കുലുക്കിയിട്ടില്ല; വണ്‍ സീസണ്‍ വണ്ടര്‍ എന്നത് സത്യമാകുന്നു? 

സീസണിന്റെ തുടക്കത്തിലെ സലയുടെ 9 ഗോളുകള്‍ ഇല്ലായിരുന്നു എങ്കില്‍ ലിവര്‍പൂള്‍ കിരീട പോരിന് അടുത്ത് കൂടി പോലും എത്തില്ലായിരുന്നു
എട്ട് കളികളായി, ഗോള്‍ വല കുലുക്കിയിട്ടില്ല; വണ്‍ സീസണ്‍ വണ്ടര്‍ എന്നത് സത്യമാകുന്നു? 

20 ഗോളുകള്‍, എട്ട് അസിസ്റ്റുകള്‍...  ഫെബ്രുവരി  അവസാനിക്കുന്നതിന് മുന്‍പ് ലിവര്‍പൂള്‍ മുന്നേറ്റ നിര താരം മുഹമ്മദ് സലയുടെ സീസണിലെ കണക്കുകള്‍ ഇങ്ങനെയായിരുന്നു. മികച്ച സെന്റര്‍ ഫോര്‍വേര്‍ഡ് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കും...എന്നാല്‍ കഴിഞ്ഞ കുറേ ആഴ്ചകളായി വല കുലുക്കാന്‍ പാടുപെടുകയാണ് സല. 

കൃത്യമായി പറഞ്ഞാല്‍, ലിവര്‍പൂളിന്റെ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ സലയ്ക്ക് ഗോള്‍ നേടുവാന്‍ സാധിച്ചിട്ടില്ല. 2018 ഡിസംബറില്‍ മാത്രം ഏഴ് ജയങ്ങള്‍ നേടി ലിവര്‍പൂള്‍ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍, ഗോള്‍ വല യഥേഷ്ടം കുലുക്കി സലയും മികച്ച ഫോമിലായിരുന്നു. എന്നാല്‍ 2019 അത്ര നല്ല സൂചനയല്ല സലയ്ക്ക് നല്‍കിയത്. 

2019ല്‍ സല അവസാനമായി ഗോള്‍വല കുലുക്കിയത് ഫെബ്രുവരിയിലാണ്. ബേണ്‍മൗത്തിന് എതിരെയായിരുന്നു അത്. മാര്‍ച്ചില്‍ സല ഗോള്‍ വല കുലുക്കിയിട്ടേയില്ല. പേരിനുള്ളത് ഒരു അസിസ്റ്റ് മാത്രം. ലിവര്‍പൂളില്‍ എത്തിയതിന് ശേഷം ഇത്രയും തുടര്‍ മത്സരങ്ങളില്‍ സലയ്ക്ക് ഗോള്‍ വല ചലിപ്പിക്കുവാന്‍ കഴിയാതിരുന്നിട്ടില്ല. 

എന്നാല്‍, ഗോള്‍ വല കുലുക്കുവാന്‍ സാധിക്കാത്തതില്‍ വലിയ ശ്രദ്ധ കൊടുക്കുന്നില്ലെന്നാണ് സല പറയുന്നത്. മൂന്ന് പോയിന്റ് ഞങ്ങള്‍ക്ക് ലഭിച്ചു. അതാണ് പ്രധാനപ്പെട്ട കാര്യം. ഏതാനും മത്സരങ്ങളില്‍ എനിക്ക് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ എന്റെ അത്ര തന്നെ ഗോളുകള്‍ ഈ സീസണില്‍ അടിച്ച താരങ്ങളുണ്ട്. അവര്‍ അവരുടെ ജീവിതത്തിലെ മികച്ച സീസണിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ആളുകള്‍ പറയുന്നത്. എന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ നേരെ തിരിഞ്ഞും. അതുകൊണ്ട് വിമര്‍ശനങ്ങള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും സല പറയുന്നു. 

ഈ സീസണില്‍ 42 കളികളില്‍ നിന്നാണ് സല 20 ഗോളുകള്‍ നേടിയത്. അതില്‍ 17 പ്രീമിയര്‍ ലീഗ് ഗോള്‍. 19 ഗോളുകളോടെ സെര്‍ജിയോ അഗ്യുറോയാണ് സലയ്ക്ക് മുന്നില്‍ ഗോള്‍ഡന്‍ ബൂട്ടിനായുള്ളത്. സീസണിന്റെ തുടക്കത്തിലെ സലയുടെ 9 ഗോളുകള്‍ ഇല്ലായിരുന്നു എങ്കില്‍ ലിവര്‍പൂള്‍ കിരീട പോരിന് അടുത്ത് കൂടി പോലും എത്തില്ലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com