തകർന്നടിഞ്ഞ് ഡൽഹി, തകർപ്പൻ ജയം കുറിച്ച് പഞ്ചാബ്  

167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.2 ഓവറില്‍ 152ന് ഓൾ ഔട്ടായി
തകർന്നടിഞ്ഞ് ഡൽഹി, തകർപ്പൻ ജയം കുറിച്ച് പഞ്ചാബ്  

മൊഹാലി: ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് മൂന്നാം ജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായുള്ള മത്സരത്തിൽ 14 റൺസിനാണ് കിങ്സ് ഇലവൻ പഞ്ചാബ് ജയം സ്വന്തമാക്കിയത്. 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.2 ഓവറില്‍ 152ന് ഓൾ ഔട്ടായി. 

സ്കോർബോർഡിൽ അവസാന എട്ട് റൺ കൂട്ടിച്ചേർക്കുന്നതിനിടയിലാണ് ഡൽഹിക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായത്. 144-ന് നാല് എന്ന നിലയില്‍ നിന്നാണ് ഡല്‍ഹി 152-ന് ഓള്‍ഔട്ടായത്. പഞ്ചാബിനായി സാം കറൻ ഹാട്രിക്ക് അടക്കം നാലു വിക്കറ്റുകൾ നേടി. ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, സന്ദീപ് ലാമിഷാനെ എന്നിവരെയാണ് കറന്‍ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്. അശ്വിനും ഷമിയും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. 

മികച്ച ബോളിങ് കാഴ്ചവച്ച് പഞ്ചാബിനെ 166റൺസിൽ ഒതുക്കാൻ കഴിഞ്ഞെങ്കിലും ബാറ്റിങ്ങിൽ തുടക്കത്തിലെ ഡൽഹിക്ക് അടിതെറ്റി. ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ക്യാച്ചെടുത്താണ് ഷാ പുറത്തായത്. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ശിഖര്‍ ധവാന്‍ -  ശ്രേയസ് അയ്യര്‍ സഖ്യം സ്കോർബോർഡിൽ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹാര്‍ദുസ് വില്‍ജോയനാണ് അയ്യരെ പുറത്താക്കിയത്. 22 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയടക്കം 28 റൺസാണ് അയ്യർ നേടിയത്. 30റൺസ് നേടിയ ധവാൻ അശ്വിന് മുന്നിൽ കീഴടങ്ങി. 

‌ റിഷഭ് പന്ത് - കോളിന്‍ ഇന്‍ഗ്രാം സഖ്യം നാലാം വിക്കറ്റിൽ 62 റണ്‍സ് നേടി. ഇരുവരും ക്രീസിൽ നിൽക്കുമ്പോൾ ജയസാധ്യത കൂടുതൽ ഡൽഹിക്കായിരുന്നു. എന്നാൽ 17-ാം ഓവറിൽ ഷമിയ്ക്ക് മുന്നിൽ പന്ത് മടങ്ങിയതോടെ ഡൽഹി പ്രതിരോധത്തിലായി. പിന്നാലെ വിക്കറ്റുകൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു. ക്രിസ് മോറിസ് റണ്ണൗട്ടായപ്പോൾ ഇന്‍ഗ്രാം സാം കറന്റെ പന്തില്‍ പുറത്താകുകയായിരുന്നു. സ്കോർ 147ൽ നിൽക്കുമ്പോഴാണ് ഇൻ​ഗ്രാമിന്റെ മടക്കം. 38 റണ്‍സാണ് ഇൻ​ഗ്രാം നേടിയത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. 30 പന്തിൽ രണ്ട് സിക്സും നാല് ഫോറും സഹിതം 43 റൺസെടുത്ത ഡേവിഡ് മില്ലറാണ് ടീമിന്റെ ടോപ് സ്കോറർ. മില്ലെറെ ക്രിസ്‌ മോറിസ് പുറത്താക്കി. സര്‍ഫ്റാസ് ഖാന്‍ 29 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 39 റണ്‍സെടുത്ത് പുറത്തായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് മില്ലര്‍- സര്‍ഫ്റാസ് ഖാന്‍ സഖ്യമാണ് പഞ്ചാബിനെ തുണച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിച്ചേർത്തു. 

ഗെയ്ലിന്റെ അഭാവത്തില്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്തത് സാം ക്യുറനായിരുന്നു. താരം 10 പന്തുകളില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 20 റണ്‍സെടുത്ത് പുറത്തായി. ലോകേഷ് രാഹുല്‍ (15), മായങ്ക് അഗര്‍വാള്‍ (6) എന്നിവര്‍ കാര്യമായ സംഭവനകള്‍ നല്‍കാതെ മടങ്ങി. അവസാന നിമിഷം മന്‍ദീപ് സിങ് 21 പന്തില്‍ നിന്ന് 29 റണ്‍സോടെ പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com