2050ലും കോഹ്‌ലി പറയും... അടുത്ത സീസണിൽ നമ്മൾ ഐപിഎൽ കിരീടം നേടിയിരിക്കും; ട്രോളോട് ട്രോൾ

ആകെ നിരാശയിലാണ് ആർസിബി ആരാധകർ. അവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ കട്ടക്കലിപ്പ് ട്രോൾ മഴ പെയ്യിച്ച് തീർക്കുന്ന തിരക്കിലാണിപ്പോൾ
2050ലും കോഹ്‌ലി പറയും... അടുത്ത സീസണിൽ നമ്മൾ ഐപിഎൽ കിരീടം നേടിയിരിക്കും; ട്രോളോട് ട്രോൾ

ജയ്‌പൂര്‍: ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് പോരാട്ടം ആവേശത്തോടെ മുന്നേറുകയാണ്. ഡൽഹി ഡെയർഡവിൾസ് പേര് മാറ്റി ഡൽഹി ക്യാപിറ്റൽസ് എന്നാക്കി. രാജസ്ഥാൻ റോയൽസ് പിങ്ക് ജേഴ്സിയിലേക്ക് മാറി. പതിവ് തെറ്റിക്കാതെ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ സ്ഥിരത പ്രകടമാക്കി തുടരെ മൂന്ന് വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടങ്ങി. എന്നാൽ മാറ്റമില്ലാത്ത ഒരു കാര്യം മാത്രമാണ് ഇപ്പോൾ ഐപിഎല്ലിൽ ഉള്ളത്. അത് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരാണ്. തുടർച്ചയായ നാലാം മത്സരത്തിലും അവർ സുന്ദരമായി തോറ്റു. 

ആകെ നിരാശയിലാണ് ആർസിബി ആരാധകർ. അവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ കട്ടക്കലിപ്പ് ട്രോൾ മഴ പെയ്യിച്ച് തീർക്കുന്ന തിരക്കിലാണിപ്പോൾ. ആർസിബിക്കൊപ്പം തുടർച്ചയായി മൂന്ന് തോൽവികളുമായി രാജസ്ഥാനും അവസാന സ്ഥാനത്തായിരുന്നു. നാലാം പോരിൽ അവർക്ക് ബാം​ഗ്ലൂരിനെ കിട്ടിയതോടെ അവരും ഒരു മത്സരം വിജയിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി. ഇപ്പോൾ ജയമില്ലാത്ത ഏക ടീം ബാം​ഗ്ലൂരായി മാറി. 

ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാഴ്‌ചവെക്കുന്നത്. വിരാട് കോഹ്‌ലിയും എബി ഡിവില്ല്യേഴ്സും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് മൈതാനത്തിറങ്ങിയാൽ കളി മറന്ന മട്ടാണ്. 

ഞങ്ങൾ ആർസിബി ഫാൻസാണ്. ഭൂമിയിൽ നിന്ന് 3,84,400 കിലോമീറ്റർ പിന്നിട്ട് ചന്ദ്രനിലെത്തിയാലും 2.5 ദശലക്ഷം പ്രകാശ വർഷം പിന്നിട്ടാലും ഐപിഎൽ പോലുള്ള ട്രോഫികളൊന്നും തങ്ങൾ തൊടില്ല. ലോകകപ്പ് മാത്രം കളിച്ചാൽ മതിയെന്ന് ഒരു ആ​രാധകൻ ട്വീറ്റ് ചെയ്തു. 

മറ്റൊരാൾ ടീമിന്റെ ഉടമസ്ഥനായ വിജയ് മല്യ ബാം​ഗ്ലൂർ ജേഴ്സിയിൽ ബാറ്റുമായി ക്രീസിൽ നിൽക്കുന്ന ഫോട്ടോ പങ്കിട്ടു. അതിന് താഴെ ഇങ്ങനെ കുറിച്ചു. 2050ൽ ഐപിഎൽ കളിക്കുന്ന വിരാട് കോഹ്‌ലി. അന്നും അദ്ദേഹം പറയും അടുത്ത സീസണിൽ ടീം കിരീടം നേടിയിരിക്കും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com