ഐപിഎല്ലില്‍ വീണ്ടും വാതുവെയ്പ്പ്; ഓണ്‍ലൈന്‍ വഴി ബെറ്റിങ് നടത്തിയ മുന്‍ ഇന്ത്യന്‍ പരിശീലകനടക്കം 19 പേര്‍ അറസ്റ്റില്‍

വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ ചൊവ്വാഴ്ച വഡോദരയില്‍ അറസ്റ്റിലായി
ഐപിഎല്ലില്‍ വീണ്ടും വാതുവെയ്പ്പ്; ഓണ്‍ലൈന്‍ വഴി ബെറ്റിങ് നടത്തിയ മുന്‍ ഇന്ത്യന്‍ പരിശീലകനടക്കം 19 പേര്‍ അറസ്റ്റില്‍

വഡോദര: ഐപിഎല്ലിനെ ചുറ്റിപ്പറ്റി വീണ്ടും വാതുവെയ്പ്പ് വിവാദം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ ചൊവ്വാഴ്ച വഡോദരയില്‍ അറസ്റ്റിലായി.

ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെ വഡോദര ഡിസിപി ജയ്ദീപ്‌സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയതെന്ന് ജെഎസ് ജഡേജ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണുകളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

മൂന്ന് വ്യത്യസ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കഫേയുടെ ഉടമ ഹേമങ് എന്നയാളും പ്രതികളിലൊരാളാണ്. പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. സംഭവ സമയത്ത് അറോത്തയും കഫേയിലുണ്ടായിരുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയും ഹേമങുമടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. 

വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ്  കിങ്‌സ് ഇവവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്‌ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com