സോറി, ഇത് 'മങ്കാദിങ്' അല്ല; ഒറിജിനല്‍; നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കി വീണ്ടും അശ്വിന്‍ (വീഡിയോ)

അശ്വിന്‍ നടത്തിയ മറ്റൊരു റണ്ണൗട്ടിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായി മാറുകയാണ്. നോണ്‍ സ്‌ട്രൈക്കറായി നിന്ന താരത്തെ തന്നെയാണ് അശ്വിന്‍ തന്റെ ബൗളിങിനിടെ റണ്ണൗട്ടാക്കുന്നത്
സോറി, ഇത് 'മങ്കാദിങ്' അല്ല; ഒറിജിനല്‍; നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കി വീണ്ടും അശ്വിന്‍ (വീഡിയോ)

മൊഹാലി: ഇത്തവണത്തെ ഐപിഎല്‍ പോരാട്ടത്തിന്റെ തുടക്കത്തില്‍ തന്നെ വിവാദങ്ങളായിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ പുറത്താക്കിയതാണ് ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴും അതിന്റെ അലകള്‍ അവസാനിച്ചിട്ടില്ല.

ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ അശ്വിന്റെ മങ്കാദിങിനെ ട്രോളി ഡേവിഡ് വാര്‍ണര്‍ നടത്തിയ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അശ്വിന്‍ ബൗളിങ് ആക്ഷന്‍ തുടങ്ങുമ്പോള്‍ തന്നെ വാര്‍ണര്‍ അശ്വിനെ നോക്കി ബാറ്റ് ക്രീസ് ലൈനിന് അകത്തേക്ക് നീട്ടിപ്പിടിച്ച് നിന്നു. ബട്‌ലറെ മങ്കാദിങ് ചെയ്ത അശ്വിനെ ട്രോളുകയാണ് ഇതിലൂടെ വാര്‍ണര്‍ ലക്ഷ്യം വെച്ചത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഈ മത്സരത്തില്‍ തന്നെ അശ്വിന്‍ നടത്തിയ മറ്റൊരു റണ്ണൗട്ടിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായി മാറുകയാണ്. നോണ്‍ സ്‌ട്രൈക്കറായി നിന്ന താരത്തെ തന്നെയാണ് അശ്വിന്‍ തന്റെ ബൗളിങിനിടെ റണ്ണൗട്ടാക്കുന്നത്. ഇത്തവണ പക്ഷേ മങ്കാദിങ്ങല്ലെന്ന് മാത്രം. അശ്വിന്‍ ആയതിനാല്‍ മങ്കാദിങാണോയെന്ന് സംശയിച്ചാല്‍ ഒട്ടും കുറ്റം പറയാന്‍ സാധിക്കില്ല. എന്നാല്‍ ഈ റണ്ണൗട്ടിനെ മികച്ച പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താം. തന്റെ ബൗളിങ് സമയത്ത് നോണ്‍ സ്‌ട്രൈക്കറായി നില്‍ക്കുന്ന താരത്തെ പുറത്താക്കാനുള്ള പദ്ധതികള്‍ അശ്വിന്‍ സദാ ആലോചിക്കാറുണ്ടെന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസില്ലാക്കാം. 

സണ്‍റൈസേഴ്‌സ് താരം മുഹമ്മദ് നബിയാണ് ഇത്തവണ അശ്വിന്റെ ഒറിജിനല്‍ റണ്ണൗട്ടിന് വിധേയനായത്. ക്രീസില്‍ ഈ സമയത്ത് ഡേവിഡ് വാര്‍ണറായിരുന്നു. അദ്ദേഹം അടിച്ച സ്‌ട്രെയ്റ്റ് ഷോട്ട് നേരെ അശ്വിന്റെ കൈയില്‍ കിട്ടുമ്പോള്‍ മുഹമ്മദ് നബി ക്രീസ് വിട്ടിരുന്നു. ഒട്ടു സമയം കളയാതെ അശ്വിന്‍ പന്ത് നേരെ സ്റ്റമ്പിലേക്ക് എറിഞ്ഞതോടെ താരം പുറത്തായി. ഇതുകണ്ട് ഡേവിഡ് വാര്‍ണര്‍ കടുത്ത നിരാശ പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഏഴ് പന്തില്‍ 12 റണ്‍സുമായി മികവിലേക്ക് നീങ്ങുന്നതിനിടെയാണ് നബി പുറത്തേക്കുള്ള വഴിയില്‍ അപ്രതീക്ഷിതമായി എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com