ആരൊക്കെ ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചു? ഒരുക്കങ്ങള്‍ എങ്ങിനെ? കാര്യങ്ങള്‍ ഇങ്ങനെയാണ്‌

ഇന്ത്യ, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ഏതെന്ന് വ്യക്തമാക്കി കഴിഞ്ഞു
ആരൊക്കെ ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചു? ഒരുക്കങ്ങള്‍ എങ്ങിനെ? കാര്യങ്ങള്‍ ഇങ്ങനെയാണ്‌

ഇംഗ്ലണ്ടില്‍ ലോക കിരീടം ചൂടുക ആരാണെന്നതിലെ കണക്കു കൂട്ടലുകള്‍ ക്രിക്കറ്റ് ലോകത്ത് തകൃതിയായി നടക്കുകയാണ്. പത്ത് ടീമുകളും തങ്ങളുടെ ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കുമ്പോഴാകും ശക്തരാരെന്നതില്‍ വ്യക്തമായ ചിത്രം തെളിയുക. ടീമുകളുടെ പ്ലേയിങ് ഇലവന്‍ അറിയുന്നതിനുള്ള കാത്തിരിപ്പാണ് ആരാധകര്‍ക്ക് ഈ ദിവസങ്ങളില്‍. 

ന്യൂസിലാന്‍ഡ് മാത്രമാണ് തങ്ങളുടെ ലോകകപ്പ് ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 23 വരെയാണ് 15 അംഗ ടീമിനെ പ്രഖ്യാപിക്കുവാന്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. പരിക്ക് പറ്റിയ താരങ്ങളുമായി ബന്ധപ്പെട്ട് ടീമില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ രാജ്യങ്ങള്‍ക്ക് മെയ് 23 വരെ സമയമുണ്ട്. 

ഇന്ത്യ, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ഏതെന്ന് വ്യക്തമാക്കി കഴിഞ്ഞു. ടീമുകള്‍ തങ്ങളുടെ ലോകകപ്പ് ഇലവനെ പ്രഖ്യാപിക്കുന്ന ദിവസങ്ങളും, പ്ലേയിങ് ഇലവന്‍ സംബന്ധിച്ച വിവരങ്ങളും ഇങ്ങനെയാണ്...

പാകിസ്ഥാന്‍-ഏപ്രില്‍ 18

ഓസ്‌ട്രേലിയയോട് ഏകദിന പരമ്പരയില്‍ തോറ്റ് തുന്നംപാടിയാണ് പാകിസ്താന്‍ ലോകകപ്പിന് വരുന്നത്. എന്നാല്‍ വലിയ ടൂര്‍ണമെന്റുകളില്‍ മികവ് കാണിക്കുവാനുള്ള പാകിസ്താന്റെ പ്രാപ്തിയാണ് മറ്റ് ടീമുകള്‍ക്ക് വെല്ലുവിളി. 

ലോകകപ്പിനായുള്ള 23 അംഗ സാധ്യതാ ടീമിനെ പാകിസ്താന്‍ കണ്ടെത്തി കഴിഞ്ഞു. മേയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പര പാകിസ്താന് ലോകകപ്പിനുള്ള മികച്ച മുന്നൊരുക്കമാകും. 

സൗത്ത് ആഫ്രിക്ക ഏപ്രില്‍ 18

പാകിസ്താനും, ശ്രീലങ്കയ്ക്കും എതിരായ ഏകദിന പരമ്പരകളായിരുന്നു ലോകകപ്പ് ടീമിനെ കണ്ടെത്താന്‍ സൗത്ത് ആഫ്രിക്ക ഉപയോഗിച്ചത്. ഹാഷിം അംലയുടെ ഫോം ആണ് സൗത്ത് ആഫ്രിക്ക നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന്. പരിക്കില്‍ വലയുന്ന ദുമിനി, എന്‍ഗിഡി, നോര്‍ഷെ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് ഇടംപിടിച്ചേക്കും. 

ഇംഗ്ലണ്ട് ഏപ്രില്‍ 17

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം എന്നതിന് പുറമെ, ലോക ഏകദിന റാങ്കിങ്ങില്‍ ഒന്നാമതായിട്ടാണ് ഇംഗ്ലണ്ട് ലോക കിരീടം പിടിക്കുവാന്‍ ഇറങ്ങുന്നത്. ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇംഗ്ലണ്ട് ടീമില്‍ പരിചയസമ്പത്തില്ലെങ്കിലും, വിവിധ ട്വന്റി20 ലീഗുകളില്‍ കാണിച്ച മികവാണ് താരത്തിന് തുണയാവുന്നത്.

ബംഗ്ലാദേശ്

ഏപ്രില്‍ 15നും 20നും ഇടയിലാവും ബംഗ്ലാദേശ് തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. വിന്‍ഡിസിനും, അയര്‍ലാന്‍ഡിനും എതിരെയാണ് ലോകകപ്പിന് മുന്‍പുള്ള അവരുടെ മത്സരങ്ങള്‍. 

അഫ്ഗാനിസ്ഥാന്‍

23 അംഗ സാധ്യത ടീമിനെ അഫ്ഗാനിസ്ഥാന്‍ തിരഞ്ഞെടുത്തു. സൗത്ത് ആഫ്രിക്കയില്‍ പരിശീലനത്തിലുള്ള സംഘം ആറ് പരിശീലന മത്സരങ്ങള്‍ കളിക്കും. ഇതിന് ശേഷമായിരിക്കും ലോകകപ്പിനുള്ള 15 അംഗ സംഘത്തെ പ്രഖ്യാപിക്കുക. ലോകകപ്പിന് തൊട്ടുമുന്‍പ് നായക സ്ഥാനത്ത് നിന്നും അസ്ഗറിനെ മാറ്റി അഫ്ഗാന്‍ പദ്ധതികള്‍ പൊളിച്ചു പണിയുകയാണ്. 

ഓസ്‌ട്രേലിയ

ഇന്ത്യയിലും യുഎഇലുമായി നടന്ന എട്ട് ഏകദിനങ്ങളിലും ജയം പിടിച്ചാണ് ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയ ശക്തി തിരികെ പിടിക്കുന്നത്. ഡേവിഡ് വാര്‍ണറിന്റേയും, സ്റ്റീവ് സ്മിത്തിന്റേയും ഫോം എങ്ങിനെയെന്ന് അറിയുന്നതിന് വേണ്ടി ലോകകപ്പ് ടീം പ്രഖ്യാപനം ഓസ്‌ട്രേലിയ എത്രമാത്രം വൈകിപ്പിക്കാമോ അത്രമാത്രം വൈകിപ്പിക്കുമെന്ന് വ്യക്തം. 

വെസ്റ്റ് ഇന്‍ഡീസ്

വിന്‍ഡിസ് താരങ്ങളില്‍ പലരുടേയും ലോകകപ്പ് പ്രവേശനം ഐപിഎല്ലിലെ കളിയെ കൂടി ആശ്രയിച്ചിരിക്കും. ക്രിസ് ഗെയിലും, റസലും ടീമിലുണ്ടാകുമെന്ന് വ്യക്തമാകുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് വിന്‍ഡിസ് നല്‍കുന്നത്. ലോകകപ്പിന് മുന്‍പ് ബംഗ്ലാദേശിനും അയര്‍ലാന്‍ഡിനും എതിരെ വിന്‍ഡിസ് കളിക്കും.

ശ്രീലങ്ക

ലോകകപ്പ് ടീമിനെ എന്ന് പ്രഖ്യാപിക്കും എന്നത് സംബന്ധിച്ച് ശ്രീലങ്കയും വ്യക്തത വരുത്തിയിട്ടില്ല. പ്രൊവിഷ്യല്‍ വണ്‍ഡേ കപ്പിലെ കളിക്കാരുടെ പ്രകടനവും ടീം സെലക്ഷനില്‍ ലങ്ക പരിഗണിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com