ഇനി ബാഗ്ലൂരിന് പ്ലേഓഫിലേക്ക് കടക്കാനാവുമോ? മുന്നിലുള്ള വഴികള്‍ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th April 2019 12:41 PM  |  

Last Updated: 10th April 2019 12:41 PM  |   A+A-   |  

royalchallengers12

 

ഐപിഎല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടുവാന്‍ സാധിച്ചിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട ടീമുകളില്‍ മുന്നിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്‍ പന്ത്രണ്ടാം സീസണിലും കിരീടത്തിലേക്ക് എത്തുന്നതിന്റെ ഒരു ശുഭ സൂചനയും ബാംഗ്ലൂര്‍ ആരാധകര്‍ക്ക് നല്‍കിയില്ല. മറിച്ച്, ആദ്യ ആറ് കളികളിലും തോറ്റ് ആരാധകര്‍ക്ക് കടുത്ത പ്രഹരം നല്‍കുകയും ചെയ്തു. എങ്കിലും ബാംഗ്ലൂര്‍ പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യുമോ? 

ബാംഗ്ലൂരിന് പ്ലേഓഫിലേക്ക് ക്വാളിഫൈ ചെയ്യുവാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ആരാധകര്‍ കണക്കു കൂട്ടിയെടുക്കുന്നത്. ബാംഗ്ലൂരിന്റെ ഇതുവരെയുള്ള കളി വെച്ച് നോക്കുമ്പോള്‍ അതിനുള്ള സാധ്യതകള്‍ വിരളമാണ് എന്ന് വ്യക്തം. കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ബാംഗ്ലൂരിന് മുന്നിലുള്ള വഴികള്‍ ഇങ്ങനെയാണ്...

ഇനിയുള്ള എട്ട് മത്സരങ്ങളിലും ജയിക്കണം. അതില്‍ ഒരു കളിയില്‍ തോറ്റാല്‍ പോലും, മികച്ച നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്തിയാല്‍ അവര്‍ക്ക് പ്ലേഓഫിലേക്ക് കടക്കാം. അവിടെ മുംബൈ ഇന്ത്യന്‍സിന്റെ വഴിയാണ് ബാംഗ്ലൂര്‍ പിന്തുടരേണ്ടത്. 2014ല്‍ തങ്ങളുടെ ആദ്യ അഞ്ച് കളികളും അവര്‍ തോറ്റു. എന്നാല്‍ പിന്നെയങ്ങോട്ട് തകര്‍ത്തു കളിച്ചാണ് മുംബൈ പ്ലേഓഫീല്‍ കയറിയത്. 

ആദ്യ ആറ് മത്സരങ്ങളും തോറ്റതിന് ശേഷം പിന്നെയങ്ങോട്ടുള്ള മത്സരങ്ങളെല്ലാം ജയിച്ച് ബാംഗ്ലൂര്‍ പ്ലേഓഫില്‍ കയറിയാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചു വരവാകും അത്. അങ്ങിനെ തിരിച്ചു വരണം എങ്കില്‍ ഡിവില്ലിയേഴ്‌സ്-കോഹ് ലി ഷോ നടക്കണം. ഇരുവരും ആക്രമിച്ച് കളിച്ച് ബാംഗ്ലൂരിന്റെ ബാറ്റിങ് ശക്തമാക്കണം. 

ടൂര്‍ണമെന്റിലെ ഏറ്റവും മോശം ബൗളിങ് യൂണിറ്റ് എന്ന വിമര്‍ശനം വാങ്ങുന്ന ബാംഗ്ലൂരിന്റെ ബൗളിങ് യൂണിറ്റും ഉണര്‍ന്നു കളിക്കണം. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച കളി പുറത്തെടുക്കണം എന്നതിനൊപ്പം നായകത്വം ഫലപ്രദമായി വിനിയോഗിക്കുവാനും കോഹ് ലിക്ക് സാധിക്കണം. ഇതെല്ലാം ഒത്തുവന്നാല്‍ മാത്രമേ, തിരിച്ചുവരവിന്റെ ചരിത്രം തീര്‍ക്കുവാന്‍ ബാംഗ്ലൂരിന് സാധിക്കുകയുള്ളു.