ദുഃസ്വപ്‌നങ്ങളുടെ വലയത്തിലായിരുന്നു ഞാന്‍, ഫീല്‍ഡിങ് ഓപ്ഷനില്ല; കാരണക്കാരന്‍ റസല്‍ മാത്രമെന്ന് ധോനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2019 10:29 AM |
Last Updated: 10th April 2019 10:38 AM | A+A A- |

2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരം. കൊല്‍ക്കത്ത ഉയര്‍ത്തിയ ഇരുന്നൂറിന് മുകളിലെ വിജയലക്ഷ്യം ചെന്നൈ മറികടന്നു. പക്ഷേ അന്ന് രാത്രി ദുഃസ്വപ്‌നങ്ങളുടെ വലയത്തിലായിരുന്നു താനെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോനി പറയുന്നത്.
റസലിന്റെ സംഹാരതാണ്ഡവത്തിന് മുന്നില്‍ ഫീല്‍ഡിങ് ഓപ്ഷനില്ലാതെ നില്‍ക്കുകയായിരുന്നു ഞാന്‍. വിക്കറ്റ് കീപ്പറിനെ കൂടാതെ റിങ്ങില്‍ നാല് ഫീല്‍ഡര്‍മാരേയും, റിങ്ങിന് പുറത്ത് അഞ്ച് ഫീല്‍ഡര്‍മാരേയുമാണ് ഞാന്‍ നിര്‍ത്തിയത്. എന്നാല്‍ റസല്‍ എല്ലാം സ്റ്റാന്‍ഡിലേക്കായിരുന്നു പറത്തിയത്. എങ്ങിനെ ഇത്ര കൂറ്റന്‍ സിക്‌സുകള്‍ പറത്തുവാന്‍ ഒരാള്‍ക്ക് സാധിക്കുന്നു എന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടു നില്‍ക്കുകയായിരുന്നു താന്‍ ആ സമയം എന്നും ധോനി പറയുന്നു.
11 കൂറ്റന്‍ സിക്‌സുകള്‍ ഉള്‍പ്പെടെ 36 പന്തില്‍ നിന്നും 88 റണ്‍സാണ് അന്ന് റസല്‍ അടിച്ചുകൂട്ടിയെടുത്തത്. ഇരുന്നൂറിന് അപ്പുറം കൊല്‍ക്കത്ത സ്‌കോര്‍ കടന്നുവെങ്കിലും വാട്‌സന്റേയും, സാം ബില്ലിങ്‌സിന്റേയും മികവില്‍ ചെന്നൈ ചെയ്‌സ് ചെയ്ത് ജയം പിടിച്ചിരുന്നു.
ഐപിഎല്‍ പന്ത്രണ്ടാം സീസണിലും റസലിന്റെ തോളിലേറി തന്നെയാണ് കൊല്‍ക്കത്തയുടെ പോക്ക്. പക്ഷേ ചെന്നൈയ്‌ക്കെതിരെ റസലിന്റെ ഒറ്റയാള്‍ പോരാട്ടവും ഫലം കണ്ടില്ല. റസലിന്റെ അര്‍ധ ശതകം കൊല്‍ക്കത്തയുടെ സ്‌കോര്‍ നൂറ് കടത്തിയെങ്കിലും ഡുപ്ലസിയുടേയും ചെന്നൈ മധ്യനിരയുടേയും കരുതലോടെയുള്ള ബാറ്റിങ്ങില്‍ ജയം ചെന്നൈയ്‌ക്കൊപ്പം നിന്നു.