സ്വന്തം തട്ടകത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു ചെന്നൈ; കൊല്‍ക്കത്തയെ പരാജയപ്പെടുത്തി

ഐപിഎല്ലില്‍ അഞ്ചാം ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി
സ്വന്തം തട്ടകത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു ചെന്നൈ; കൊല്‍ക്കത്തയെ പരാജയപ്പെടുത്തി

ചെന്നൈ: ഐപിഎല്ലില്‍ അഞ്ചാം ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്വന്തം തട്ടകത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 109 റണ്‍സിന്റെ കുറഞ്ഞലക്ഷ്യം 16 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ മറികടക്കുകയായിരുന്നു.

45 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന ഡുപ്ലസിസിന്റെ പ്രകടനമാണ് ചെന്നൈയ്ക്ക് കരുത്തായത്. 21 റണ്‍സ് നേടിയ അമ്പാട്ടി റായിഡു ഡുപ്ലസിസിന് മികച്ച പിന്തുണ നല്‍കി. നേരത്തെ കരുത്തരായ കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിടിച്ചുകെട്ടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുക്കാനെ സാധിച്ചുളളു.

കൂറ്റനടികള്‍ക്ക് ഇത്തവണ ഇടവേള ഇടേണ്ടി വന്നെങ്കിലും ആന്ദ്രെ റസ്സല്‍ അര്‍ധ സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയതിനാലാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ നൂറ് കടന്നത്. 44 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറികളുമടക്കം റസ്സല്‍ 50 റണ്‍സെടുത്തു.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു കൊല്‍ക്കത്തയുടെ തുടക്കം. ഒന്‍പത് റണ്‍സെടുക്കുന്നതിനിടെ മൂന്ന് കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തി. ആദ്യ സ്‌പെല്ലില്‍ മൂന്ന് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയുടെ മുന്‍നിര തകര്‍ത്തത്. 

സ്‌കോര്‍ ആറിലെത്തിയപ്പോള്‍ അക്കൗണ്ട് തുറക്കാതെ ക്രിസ് ലിന്‍ മടങ്ങി. പിന്നാലെ അഞ്ചു പന്തില്‍ നിന്ന് ആറു റണ്‍സുമായി സുനില്‍ നരെയ്‌നും പുറത്തായി. വന്നപാടെ നിധീഷ് റാണയെ ചാഹര്‍ പുറത്താക്കി. സ്‌കോര്‍ 24ല്‍ എത്തിയപ്പോള്‍ 11 റണ്‍സുമായി റോബിന്‍ ഉത്തപ്പയും പുറത്തായതോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ച  മുന്നില്‍ കണ്ടു. ദിനേഷ് കാര്‍ത്തിക് (19), പിയുഷ് ചൗള (8), കുല്‍ദീപ് യാദവ് (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com