പൊളളാര്‍ഡ് കത്തിക്കയറി, പത്ത് സിക്‌സര്‍; അവസാന പന്ത് വരെ ആവേശം;മുംബൈയ്ക്ക് മിന്നും ജയം 

അവസാന പന്തില്‍ വരെ ആവേശം തിരതല്ലിയ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുംബൈ ഇന്ത്യന്‍സ് മൂന്നുവിക്കറ്റിന് പരാജയപ്പെടുത്തി
പൊളളാര്‍ഡ് കത്തിക്കയറി, പത്ത് സിക്‌സര്‍; അവസാന പന്ത് വരെ ആവേശം;മുംബൈയ്ക്ക് മിന്നും ജയം 

മുംബൈ: അവസാന പന്തില്‍ വരെ ആവേശം തിരതല്ലിയ ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ മുംബൈ ഇന്ത്യന്‍സ് മൂന്നുവിക്കറ്റിന് പരാജയപ്പെടുത്തി. വാങ്കെഡെയില്‍ കീറോണ്‍ പൊളളാര്‍ഡ് കത്തിക്കയറിയതോടെ, കിങ്‌സ് ഇലവന്റെ ഉയര്‍ന്ന സ്‌കോര്‍ നിഷ്പ്രഭമാകുകയായിരുന്നു. അവസാന പന്തില്‍ രണ്ടു റണ്‍സ് നേടിയ അല്‍സാരി ജോസഫ് മുംബൈയെ വിജയത്തിലെത്തിച്ചു.

31 പന്തുകള്‍ നേരിട്ട പൊള്ളാര്‍ഡ് 10 സിക്‌സും മൂന്നു ബൗണ്ടറിയും സഹിതം 83 റണ്‍സെടുത്ത് അവസാന ഓവറിലാണ് പുറത്തായത്. രജ്പുത് എറിഞ്ഞ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. ആ ഓവറില്‍ ഒരു സിക്‌സും ബൗണ്ടറിയും നേടിയ ശേഷമാണ് പൊള്ളാര്‍ഡ് പുറത്താകുന്നത്. 13 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത ജോസഫ് പുറത്താകാതെ നിന്നു.

198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് സ്‌കോര്‍ 28ല്‍ എത്തിയപ്പോള്‍ അരങ്ങേറ്റക്കാരന്‍ സിദ്ദേഷ് ലാഡിനെ നഷ്ടമായി. 13 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമായിരുന്നു ലാഡിന്റെ സമ്പാദ്യം. തുടര്‍ന്ന് വന്ന സൂര്യകുമാര്‍ യാദവിന് പക്ഷേ മുംബൈ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല. 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത യാദവിനെ സാം കറനാണ് പുറത്താക്കിയത്. ആറു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 24 റണ്‍സുമായി ഡികോക്കും മടങ്ങി. ഇഷാന്‍ കിഷനും (7) കാര്യമായ സംഭാവന നല്‍കാനായില്ല.

അതിനു ശേഷം പൊളളാര്‍ഡിനൊപ്പം ചേര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ സ്‌കോര്‍ 135ല്‍ എത്തിച്ചു. 19 റണ്‍സെടുത്ത പാണ്ഡ്യയെ പുറത്താക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രുനാല്‍ പാണ്ഡ്യ (1) വന്നപാടേ മടങ്ങി.പഞ്ചാബിനായി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമി നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ലോകേഷ് രാഹുലിന്റെ സെഞ്ചുറി മികവിലാണ് നാലു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുത്തത്. 63 പന്തിലാണ് രാഹുല്‍ തന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി കുറിച്ചത്. 64 പന്തില്‍ ആറു വീതം സിക്‌സും ബൗണ്ടറിയുമായി 100 റണ്‍സെടുത്ത രാഹുല്‍ പുറത്താകാതെ നിന്നു.വെറും 36 പന്തില്‍ നിന്ന് ഏഴു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 63 റണ്‍സെടുത്ത ഗെയില്‍ രാഹുലിന് മികച്ച പിന്തുണ നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com