നിയന്ത്രണം വിട്ടു; ​ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് കയർത്ത് ധോണി, പിഴ ശിക്ഷ ( വീഡിയോ)

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റൻ കൂളിന് നിയന്ത്രണം വിട്ടു
നിയന്ത്രണം വിട്ടു; ​ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് കയർത്ത് ധോണി, പിഴ ശിക്ഷ ( വീഡിയോ)

ജയ്പുര്‍: മഹേന്ദ്ര സിം​ഗ് ധോണിയെ ക്യാപ്റ്റന്‍ കൂള്‍ എന്നാണ്  ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏത് സമ്മർദ ഘട്ടത്തിലും ശാന്തനായി മാത്രമേ ധോണിയെ കാണാനാകൂ.  എന്നാല്‍ ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റൻ കൂളിന് നിയന്ത്രണം വിട്ടു. അമ്പയറുടെ ഒരു തീരുമാനമാണ് ധോണിയെ പ്രകോപിപ്പിച്ചത്. 

ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയർത്ത ധോണി മൽസര വിലക്കിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ധോണിക്ക് ചുമത്തിയിട്ടുണ്ട്. ധോണി ഐപിഎൽ പെരുമാറ്റചട്ടം ലെവൽ 2 നിയമം ലംഘിച്ചെന്ന് ബിസിസിഐ വ്യക്തമാക്കി. ധോണി തെറ്റ് അം​ഗീകരിച്ചതായും ബിസിസിഐ അറിയിച്ചു. 

രാജസ്ഥാനെതിരായ അവസാന ഓവറിലായിരുന്നു ധോണിയെ രോഷാകുലനാക്കിയ സംഭവം നടന്നത്.  അവസാന ഓവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ വേണ്ടത് 18 റണ്‍സായിരുന്നു. ക്രീസില്‍ ധോണിയും ജഡേജയും. ഓവര്‍ എറിയാനെത്തിയത് ഇം​ഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്ക്‌സും. 

സ്‌റ്റോക്സിന്റെ ആദ്യ പന്ത്  ജഡേജ സിക്‌സിലേക്ക് പറത്തി. രണ്ടാം പന്ത് നോ ബോള്‍. ഇതില്‍ ജഡേജ സിംഗിളെടുത്തു. അടുത്ത ഫ്രീ ഹിറ്റ് പന്ത് നേരിട്ട ധോണി രണ്ട് റണ്‍സ് ഓടിയെടുത്തു. അടുത്ത പന്തിൽ ധോണി പുറത്ത്. 43 പന്തില്‍ 58 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. ചെന്നൈയുടെ വിജയലക്ഷ്യം മൂന്ന് പന്തില്‍ എട്ടു റണ്‍സ് ആയി.

ധോനിക്ക് പകരം സാന്റ്‌നര്‍ കളത്തിലെത്തി. സാന്റ്‌നര്‍ക്ക് നേരെ സ്റ്റോക്ക്‌സ് എറിഞ്ഞ് ആദ്യ പന്ത് തന്നെ വളരെ ഉയരത്തിലായിരുന്നു. ആദ്യം അമ്പയര്‍ നോ ബോള്‍ വിളിച്ചെങ്കിലും പിന്നീട് അത് തിരുത്തി. ഇതാണ് ചെന്നൈ താരങ്ങളെ പ്രകോപിപ്പിച്ചത്. എറിഞ്ഞത് നോ ബോൾ തന്നെയെന്ന് ജഡേജ വാദിച്ചു. ഇതിനിടെ ഡഗ്ഔട്ടില്‍ നിന്ന് ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു.

ബൗണ്ടറി ലൈനില്‍ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോണി മൈതാനത്തേക്ക് വന്നത്. ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോള്‍ അല്ലേ എന്നും അമ്പയര്‍ ഉല്‍ഹാസ് ഗാന്ധെയോട് ധോണി ചോദിച്ചു. ഡഗ് ഔട്ടില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് ദേഷ്യപ്പെടുന്നത്  നിയമലംഘനമാണ്. 

വിവാദ പന്തില്‍ രണ്ട് റണ്‍സ് ചെന്നൈ ഓടിയെടുത്തിരുന്നു. അഞ്ചാം പന്തിലും ചെന്നൈ ഡബിള്‍ എടുത്തു. അവസാന പന്തില്‍ സ്റ്റോക്ക്‌സ് വൈഡ് എറിഞ്ഞു. ഇതോടെ ഒരു പന്തു കൂടി ചെന്നൈയ്ക്ക് ലഭിച്ചു. ആ പന്തില്‍ സിക്‌സ് അടിച്ച് സാന്റ്‌നര്‍ ചെന്നൈയെ വിജയതീരത്തെത്തിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com