നൂറില്‍ നൂറടിച്ച് റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ കൂള്‍; അവസാന പന്തിലെ സിക്‌സറില്‍  ചെന്നൈയ്ക്ക് മിന്നും ജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്
നൂറില്‍ നൂറടിച്ച് റെക്കോര്‍ഡിട്ട് ക്യാപ്റ്റന്‍ കൂള്‍; അവസാന പന്തിലെ സിക്‌സറില്‍  ചെന്നൈയ്ക്ക് മിന്നും ജയം

ജയ്പുര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 152 റണ്‍സ് വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ധോനിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിങ്‌സുകളാണ്  ചെന്നൈക്ക് തുണയായത്. അവസാന പന്തില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ സ്‌റ്റോക്‌സിനെ സിക്‌സറടിച്ച മിച്ചര്‍ സാന്റ്‌നറാണ് ചെന്നൈക്കായി വിജയ റണ്‍ നേടിയത്. ഇതോടെ ധോനി ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ ക്യാപ്റ്റനായി.

അവസാന ഓവറില്‍ വിജയത്തിലേക്ക് 18 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കായി സ്‌റ്റോക്‌സിന്റെ ആദ്യ പന്തു തന്നെ ജഡേജ സിക്‌സര്‍ പറത്തി. അടുത്ത പന്ത് നോബോള്‍. മൂന്നാം പന്തില്‍ സ്‌റ്റോക്‌സ് ധോനിയുടെ കുറ്റി പിഴുതു. അതോടെ ജയത്തിലേക്ക് മൂന്നു പന്തില്‍ എട്ടു റണ്‍സ്. നാലാം പന്ത് ഫീല്‍ഡ് അമ്പയര്‍ നോബോള്‍ വിളിക്കുകയും പിന്നീട് ലെഗ് അമ്പയറുടെ നിര്‍ദേശ പ്രകാരം അത് പിന്‍വലിക്കുകയും ചെയ്തതോടെ മൈതാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറി. ധോനി ഡഗ്ഔട്ടില്‍ നിന്ന് പിച്ചിലെത്തി അമ്പയര്‍മാരോട് രൂക്ഷമായി സംസാരിച്ചു. ഒടുവില്‍ അവസാന പന്തില്‍ സാന്റ്‌നര്‍ ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.

152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്‍പ് നാലാം പന്തില്‍ തന്നെ ഓപ്പണര്‍ ഷെയ്ന്‍ വാട്ട്‌സണെ ധവാല്‍ കുല്‍ക്കര്‍ണി മടക്കി. സ്‌കോര്‍ അഞ്ചിലെത്തിയപ്പോള്‍ സുരേഷ് റെയ്‌നയും (4) മടങ്ങി. 15 റണ്‍സില്‍ ഫാഫ് ഡുപ്ലെസിസും (7) 24 റണ്‍സില്‍ കേദാര്‍ ജാദവും (1) മടങ്ങിയതോടെ ചെന്നൈ തകര്‍ച്ച മുന്നില്‍ കണ്ടു. 

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച റായുഡു  ധോനി സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പതിയെ തുടങ്ങിയ ഇരുവരും പത്ത് ഓവര്‍ പിന്നിട്ടതോടെ കളിയുടെ ഗതിമാറ്റി. 95 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 47 പന്തില്‍ നിന്ന് മൂന്നു സിക്‌സും രണ്ടു ബൗണ്ടറികളുമടക്കം 57 റണ്‍സെടുത്ത റായുഡുവിനെ ബെന്‍ സ്‌റ്റോക്‌സ് 18ാം ഓവറില്‍ പുറത്താക്കി. 43 പന്തില്‍ നിന്ന് മൂന്നു സിക്‌സും രണ്ടു ബൗണ്ടറിയുമടക്കം 58 റണ്‍സെടുത്ത ധോനി അവസാന ഓവറിലാണ് പുറത്താകുന്നത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മികച്ച തുടക്കമായിരുന്നു രാജസ്ഥാന്റേത്. 17 പന്തില്‍ നിന്ന് 31 റണ്‍സ് തികച്ച ശേഷമാണ് അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ (14) വിക്കറ്റിനു മുന്നില്‍ കുടുക്കി ദീപക് ചാഹറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ 10 പന്തില്‍ നിന്ന് ഒരു സിക്‌സും നാലു ബൗണ്ടറിയുമടക്കം 23 റണ്‍സെടുത്ത ജോസ് ബട്ട്‌ലറും മടങ്ങിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ശാര്‍ദുല്‍ താക്കൂറിനെ തുടര്‍ച്ചയായി മൂന്നു ബൗണ്ടറിയടിച്ച ശേഷമാണ് ബട്ട്‌ലര്‍ പുറത്താകുന്നത്. 

പരിക്ക് മാറി തിരിച്ചെത്തിയ സഞ്ജു സാംസണ്‍ (6) ഇത്തവണ നിരാശപ്പെടുത്തി. 26 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഏഴു പന്തില്‍ നിന്ന് 19 റണ്‍സടിച്ച ശ്രേയസ് ഗോപാലാണ് രാജസ്ഥാന്‍ സ്‌കോര്‍ 150 കടത്തിയത്. ജോഫ്ര ആര്‍ച്ചര്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com