​ഗില്ലിന്റെ അർധ സെഞ്ച്വറി; പതിവ് തെറ്റിക്കാതെ റസ്സലിന്റെ വെടിക്കെട്ട്; ഡൽഹിക്ക് ലക്ഷ്യം 179

സ്വന്തം തട്ടകത്തിൽ ഡൽഹി ക്യാപിറ്റൽസിന് 179 റൺസ് വിജയ ലക്ഷ്യം നൽകി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്
​ഗില്ലിന്റെ അർധ സെഞ്ച്വറി; പതിവ് തെറ്റിക്കാതെ റസ്സലിന്റെ വെടിക്കെട്ട്; ഡൽഹിക്ക് ലക്ഷ്യം 179

കൊല്‍ക്കത്ത: സ്വന്തം തട്ടകത്തിൽ ഡൽഹി ക്യാപിറ്റൽസിന് 179 റൺസ് വിജയ ലക്ഷ്യം നൽകി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് കണ്ടെത്തിയത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്കായി അര്‍ധ സെഞ്ച്വറി നേടിയ യുവ താരം ശുഭ്മാന്‍ ഗില്ലിന്റെ മികച്ച ബാറ്റിങാണ് തുണയായത്. 39 പന്തുകള്‍ നേരിട്ട ഗില്‍ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയുമടക്കം 65 റണ്‍സെടുത്ത് പുറത്തായി. ബാറ്റിങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ജോ ഡെന്‍ലിയെ നഷ്ടമായിരുന്നു. ഇഷാന്ത് ശര്‍മയാണ് വിക്കറ്റെടുത്തത്. 

രണ്ടാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും ഗില്ലും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത ഉത്തപ്പയെ റബാദ പുറത്താക്കി. പിന്നാലെ കാര്യമായ സംഭാവന നല്‍കാതെ നിധീഷ് റാണയും (11) മടങ്ങി. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് (രണ്ട്) ക്ഷണത്തിൽ മടങ്ങി.

എന്നാൽ പതിവു പോലെ വെടിക്കെട്ട് പ്രകടനം നടത്തിയാണ് ആന്ദ്രേ റസ്സല്‍ മടങ്ങിയത്. 21 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം താരം 45 റണ്‍സെടുത്തു. പിയൂഷ് ചൗള ആറ് പന്തില്‍ നിന്ന് 14 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ക്രിസ് മോറിസും റബാദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com