ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനം പാഴായി; കോഹ്‌ലിയുടെ മികവില്‍ ബാംഗ്ലൂരിന് ആദ്യ ജയം 

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്
ഗെയിലിന്റെ തകര്‍പ്പന്‍ പ്രകടനം പാഴായി; കോഹ്‌ലിയുടെ മികവില്‍ ബാംഗ്ലൂരിന് ആദ്യ ജയം 

മൊഹാലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്. ഈ സീസണിലെ ബാംഗ്ലൂരിന്റെ ആദ്യ ജയമാണിത്. 174 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു.അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും എ.ബി ഡിവില്ലിയേഴ്‌സിന്റെയും ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്. 

174 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണിങ് വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും കോഹ്‌ലിയും ചേര്‍ന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പത് പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 19 റണ്‍സെടുത്ത പട്ടേലിനെ പുറത്താക്കി അശ്വിനാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസില്‍ ഒന്നിച്ച കോഹ്‌ലിയും ഡിവില്ലിയേഴ്‌സും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 53 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 67 റണ്‍സെടുത്ത കോഹ്‌ലി 16ാം ഓവറില്‍ പുറത്തായി.

38 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ചു ബൗണ്ടറിയുമടക്കം 59 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും 16 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 28 റണ്‍സെടുത്ത മാര്‍ക്കസ് സ്‌റ്റോയിനിസും ചേര്‍ന്നാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. 

നേരത്തെ ഒരു റണ്ണകലെ സെഞ്ചുറി നേട്ടം നഷ്ടമായ ക്രിസ് ഗെയിലിന്റെ മികവിലാണ് പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തത്. 64 പന്തുകള്‍ നേരിട്ട ഗെയില്‍ അഞ്ചു സിക്‌സും 10 ബൗണ്ടറിയുമടക്കം 99 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റില്‍ ലോകേഷ് രാഹുലിനൊപ്പം ഗെയില്‍ 38 പന്തില്‍ 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com