ധവാന്‍ കസറി, 63 പന്തില്‍ 97 റണ്‍സ്; ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴുവിക്കറ്റ് ജയം 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴുവിക്കറ്റ് ജയം
ധവാന്‍ കസറി, 63 പന്തില്‍ 97 റണ്‍സ്; ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴുവിക്കറ്റ് ജയം 

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴുവിക്കറ്റ് ജയം. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഏഴ് വിക്കറ്റ് ബാക്കിനില്‍ക്കേയാണ് ഡല്‍ഹിയുടെ മിന്നുന്ന വിജയം. 

63 പന്തില്‍ നിന്ന് രണ്ടു സിക്‌സറിന്റെയും 11 ബൗണ്ടറിയുടെയും അകമ്പടിയോടെ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശിഖര്‍ ധവാന്റെയും 46 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഡല്‍ഹി വിജയത്തില്‍ നിര്‍ണായകമായത്. കോളിന്‍ ഇന്‍ഗ്രാം സിക്‌സറിലൂടെ മത്സരം അവസാനിപ്പിച്ചതോടെ ധവാന് ഐപിഎല്ലിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടവും നഷ്ടമായി. ആറു പന്തില്‍ നിന്ന് 14 റണ്‍സുമായി ഇന്‍ഗ്രാം പുറത്താകാതെ നിന്നു.

മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ധവാന്‍ - ഋഷഭ് പന്ത് സഖ്യമാണ് മത്സരം കൊല്‍ത്തക്കയുടെ പക്കല്‍ നിന്ന് പൂര്‍ണമായും സ്വന്തമാക്കിയത്. ധവാന് മികച്ച പിന്തുണ നല്‍കിയ പന്ത് 31 പന്തില്‍ നിന്ന് രണ്ടു സിക്‌സും നാലു ബൗണ്ടറിയും ഉള്‍പ്പെടെ 46 റണ്‍സെടുത്ത് 18ാം ഓവറിലാണ് പുറത്തായത്. 105 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ യുവതാരം ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയ്ക്കായി തിളങ്ങി. 39 പന്തുകള്‍ നേരിട്ട ഗില്‍ രണ്ടു സിക്‌സും ഏഴു ബൗണ്ടറിയുമടക്കം 65 റണ്‍സെടുത്ത് പുറത്തായി. പതിവുപോലെ വെടിക്കെട്ട് പ്രകടനം നടത്തിയ ആന്ദ്രേ റസല്‍ 21 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്നു ബൗണ്ടറിയുമടക്കം 45 റണ്‍സെടുത്തു. പിയുഷ് ചൗള ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്തു. ഡല്‍ഹിക്കായി ക്രിസ് മോറിസും റബാദയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com