ഇലക്ഷന്‍ ഐക്കണ്‍ ആണ്; പക്ഷേ രാഹുല്‍ ദ്രാവിഡിന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാന്‍ സാധിക്കില്ല

വോട്ട് ചെയ്യൂ എന്ന് ദ്രാവിഡ് പറയുന്ന ഫഌക്‌സുകളാണ് താരത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ണാടകയില്‍ പതിച്ചിരിക്കുന്നത്
ഇലക്ഷന്‍ ഐക്കണ്‍ ആണ്; പക്ഷേ രാഹുല്‍ ദ്രാവിഡിന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാന്‍ സാധിക്കില്ല

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡറാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. എന്നാല്‍ ദ്രാവിഡിന് ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുവാന്‍ സാധിക്കില്ല. വോട്ടേഴ്‌സ് ലിസ്റ്റില്‍ രാഹുലിന്റെ പേരില്ലാത്തതാണ് കാരണം. 

വോട്ട് ചെയ്യൂ എന്ന് ദ്രാവിഡ് പറയുന്ന ഫഌക്‌സുകളാണ് താരത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ണാടകയില്‍ പതിച്ചിരിക്കുന്നത്. പക്ഷേ, വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6 കൃത്യ സമയത്ത് നല്‍കുവാന്‍ ദ്രാവിഡിന്‌ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് താരത്തിന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും വെട്ടുകയായിരുന്നു. 

ബംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ ശാന്തിനഗര്‍ മേഖലയിലെ ഇന്ദിരാനഗര്‍ 12 മെയിനിലെ താമസക്കാരനാണ് ദ്രാവിഡ് . കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ദ്രാവിഡ് മുടങ്ങാതെ വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയിരുന്നു. ഇത്തവണ ദ്രാവിഡിന് വോട്ട് ചെയ്യുവാന്‍ സാധിക്കില്ല എന്നത് ഞങ്ങളേയും ഞെട്ടിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

രാഹുലും ഭാര്യയും ഇന്ദിരാനഗറില്‍ നിന്നും അശ്വത്‌നഗറിലേക്ക് താമസം മാറിയതിനെ തുടര്‍ന്ന് രാഹുലിന്റെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ദ്രാവിഡിന്റെ സഹോദരന്‍ ഫോം 7 നല്‍കിയിരുന്നു. എന്നാല്‍ തിരികെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6 നല്‍കിയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com