മെസിക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണു; ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

അത്ഭുതങ്ങളുമായി കളം നിറയുന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ ഇരട്ട ഗോളിന്റേയും, ഡി ഹിയയുടെ പിഴവിന്റേയും ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ബാഴ്‌സ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു
മെസിക്ക് മുന്നില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണു; ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍

പിഎസ്ജിക്കെതിരെ പുറത്തെടുത്ത തിരിച്ചു വരവിന്റെ  കരുത്തൊന്നും മെസിയുടെ ചിറകിലേറി പറക്കുന്ന ബാഴ്‌സയ്‌ക്കെതിരെ ഫലിച്ചില്ല. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്ത്. 4-0 എന്ന അഗ്രിഗേറ്റില്‍ ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കുതിച്ചു. 

അത്ഭുതങ്ങളുമായി കളം നിറയുന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ ഇരട്ട ഗോളിന്റേയും, ഡി ഹിയയുടെ പിഴവിന്റേയും ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ബാഴ്‌സ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഗോള്‍ വല കുലുക്കാന്‍ സാധിക്കാത്തതിന്റെ നിരാശയെല്ലാം മെസി ഇന്ന് കഴുകി കളഞ്ഞു. കഴിഞ്ഞ സീസണില്‍ റോമ ഏല്‍പ്പിച്ച പ്രഹരത്തിന്റെ നിരാശ ആരാധകര്‍ക്കും മറക്കാം. 

2015ന് ശേഷം ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക്. ന്യൂകാമ്പില്‍ മികച്ച തുടക്കം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയായിരുന്നു ഇന്ന്. പക്ഷേ ബാഴ്‌സ പോസ്റ്റില്‍ ഇടിച്ച് ആ ഭാഗ്യം അകന്നു. ആഷ്‌ലി യങ്ങിന്റെ ചുവട് പിഴച്ചപ്പോള്‍ പന്തുമായി മെസി ഗോള്‍ വല ചലിപ്പിച്ചു പതിനാറാം മിനിറ്റില്‍. ബോക്‌സിന് പുറത്ത് നിന്നുമൊരു കര്‍ലിങ് സ്‌ട്രൈക്കായിരുന്നു അത്. 

ഇരുപതാം മിനിറ്റില്‍ വന്ന മെസിയുടെ ദുര്‍ബലമായൊരു ഷോട്ട് പിടിക്കാന്‍ കൂടി ഡി ഹിയയ്ക്ക് കഴിഞ്ഞില്ല. 61ാം മിനിറ്റില്‍ കുട്ടിഞ്ഞോ ഗോള്‍ വല കുലുക്കുക കൂടി ചെയ്തതോടെ ബാഴ്‌സ ജയം ഉറപ്പിച്ചു. ക്വാര്‍ട്ടറിലെ ലിവര്‍പൂള്‍-പോര്‍ട്ടോ മത്സരത്തിലെ ജേതാവായിരിക്കും സെമിയില്‍ ബാഴ്‌സയുടെ എതിരാളികള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com