ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങള്‍; ടൈം മാഗസിന്‍ പട്ടികയില്‍ ഇടം പിടിച്ച ഏക ഫുട്‌ബോളര്‍ ഈ സൂപ്പര്‍ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th April 2019 04:22 PM  |  

Last Updated: 18th April 2019 04:22 PM  |   A+A-   |  

mo_sala

 

ലോകത്തെ സ്വാധീനിച്ച 100 വ്യക്തിത്വങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംപിടിച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സല. 100 പേരുടെ പട്ടികയില്‍ ഇടം കണ്ട ഏക പുരുഷ ഫുട്‌ബോള്‍ താരമാണ് സല. കായിക ലോകത്ത് നിന്ന് ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം ലിബോണ്‍ ജെയിംസ്, ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് എന്നിവരുമുണ്ട്. 

ബ്രിട്ടീഷ് കൊമേഡിയനും ലിവര്‍പൂള്‍ ക്ലബിന്റെ കടുത്ത ആരാധകനുമായ ജോണ്‍ ഒലിവര്‍ ഹൃദയത്തില്‍ തൊടുന്ന വാക്കുകളുമായാണ് മാഗസിനില്‍ സലയെ വിശേഷിപ്പിച്ചത്. ഒരു ഫുട്‌ബോള്‍ താരമെന്നതിനേക്കാള്‍ അദ്ദേഹം ഒരു മനുഷ്യത്വമുള്ള വ്യക്തിയാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരവുമാണ് സല. 

ഈജിപ്റ്റിന്റെ പ്രതീകമാണ് സല. നല്ല അച്ചടക്കമുള്ള ഒട്ടും ഗൗരവും പ്രകടിപ്പിക്കാതെ സമ്മര്‍ദങ്ങളെ വളരെ ലളിതമായി തന്നെ കൈകാര്യം ചെയ്യുന്ന മികച്ച താരമാണ്. ആസ്വദിച്ചാണ് അദ്ദേഹം കളിക്കുന്നത്. ജോണ്‍ ഒലിവര്‍ കുറിച്ചു. 

അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ താരമായ അലക്‌സ് മോര്‍ഗനാണ് പട്ടികയില്‍ ഇടം കണ്ടെത്തിയ മറ്റൊരു താരം. ടൈം പ്രത്യേകമായി ഏറ്റവും പുതിയ ലക്കം ഇറക്കുന്നത് ആറ് വ്യത്യസ്ത കവറുകളോടെയാണ്. അതില്‍ ഒരു കവറില്‍ ഇടം പിടിച്ചതും സല തന്നെ. 

ഈ സീസണിലും താരം മികവില്‍ തന്നെയാണ്. തുടക്കത്തില്‍ ഫോമില്ലാതെ വിഷമിച്ച സല ഇപ്പോള്‍ മികച്ച ഗോളുകളുമായി കളം നിറയുകയാണ്. ഈ സീസണില്‍ വിവിവിധ പോരാട്ടങ്ങളിലായി 22 ഗോളുകള്‍ നേടിയ സല പ്രീമിയര്‍ ലീഗില്‍ 19 ഗോളുകളുമായി സെര്‍ജിയോ അഗ്യുറോയ്‌ക്കൊപ്പം ഗോള്‍ സ്‌കോറിങ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്.