ചെല്‍സി ലോക്കര്‍ റൂമില്‍ വച്ച് ഡേവിഡ് ലൂയീസ് ഡേവിഡ് ലൂയീസിനെ കണ്ടു ! സമാനതയില്‍ വിസ്മയിച്ച് ആരാധകര്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 20th April 2019 11:35 AM  |  

Last Updated: 20th April 2019 11:36 AM  |   A+A-   |  

dl

 

ലണ്ടന്‍: പ്രസിദ്ധരായ വ്യക്തികളുടെ അപരന്മാര്‍ ചിലപ്പോഴൊക്കെ ശ്രദ്ധ നേടാറുണ്ട്. സമീപകാലത്ത് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലയുടെ അപരന്‍ ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇപ്പോഴിതാ ഫുട്‌ബോള്‍ മൈതാനത്ത് നിന്ന് തന്നെ അപരന്‍മാരെക്കുറിച്ചുള്ള മറ്റൊരു വാര്‍ത്തയും. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീ​ഗിലെ ചെല്‍സി- സ്ലാവിയ പ്രാഗ് പോരാട്ടമാണ് ഇത്തരത്തില്‍ അപര സംഗമം കൊണ്ട് ശ്രദ്ധേയമായത്. 

ചെല്‍സിയുടെ ബ്രസീല്‍ താരം ഡേവിഡ് ലൂയീസും അദ്ദേഹത്തിന്റെ അപരനുമാണ് ആരാധകരില്‍ കൗതുകം സമ്മാനിച്ചത്. ലൂയീസിന്റെ അപരനും ഫുട്‌ബോള്‍ താരം തന്നെ. പൊസിഷനും ഒന്നുതന്നെ പ്രതിരോധം. സ്ലാവിയ പ്രാഗ് താരമായ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രതിരോധ താരം അലക്‌സ് ക്രലാണ് ലൂയീസിന്റെ അപരന്‍. ലൂയീസിനെ പോലെ തന്നെ നീട്ടി വളര്‍ത്തിയ ചുരുണ്ട മുടിയാണ് അലക്‌സ് ക്രലിന്റേയും ഹൈലൈറ്റ്. 

ഇരുവരും ഓരേ സമയം മൈതാനത്ത് പന്ത് തട്ടാനെത്തിയത് ആരാധകരില്‍ കൗതുകം നിറച്ചു. താരങ്ങളുടെ സമാനത കണ്ട് അമ്പരക്കുകയാണ് ആരാധകര്‍.

മത്സര ശേഷം ഇരുവരും ജേഴ്‌സി കൈമാറുന്ന ഫോട്ടോയ്ക്ക് താഴെ ഒരു ആരാധകന്‍ കുറിച്ചത് ഡേവിഡ് ലൂയീസ് സ്വയം അഭിനന്ദിക്കുന്നു എന്നായിരുന്നു. ഇരുവരേയും ഓരേ സമയം മൈതാനത്ത് കണ്ടപ്പോള്‍ ആശയക്കുഴപ്പം ഉണ്ടായതായി മറ്റൊരാള്‍. ഇരുവരും ഓരേ ടീമില്‍ കളിക്കട്ടെയെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ആരാധകരുടെ അമ്പരപ്പും വിസ്മയവും താരങ്ങളും ഏറ്റെടുത്തു. അലക്‌സിനെ ചെല്‍സി ഡ്രസിങ് റൂമിലേക്ക് വിളിച്ചുവരുത്തി ലൂയീസ് ചേര്‍ന്നിരുന്ന് ഫോട്ടോയെടുത്തു. ജേഴ്‌സികള്‍ പരസ്പരം മാറ്റിയിട്ടുള്ള ഈ ചിത്രം ലൂയീസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ചെയ്തു. ഈ ചിത്രം ട്വിറ്ററില്‍ പങ്കിട്ട ഒരു ആരാധകന്‍ ഇങ്ങനെ കുറിച്ചു. ചെല്‍സി ലോക്കര്‍ റൂമില്‍ വച്ച് ഡേവിഡ് ലൂയീസ് ഡേവിഡ് ലൂയീസിനെ കണ്ടു.