നിര്‍ണായക നീക്കവുമായി ബിസിസിഐ; ഏഴ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യം മുന്‍ നിര്‍ത്തി മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ബിസിസിഐ
നിര്‍ണായക നീക്കവുമായി ബിസിസിഐ; ഏഴ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക്

മുംബൈ: ഏകദിന ലോകകപ്പില്‍ മികച്ച മുന്നേറ്റം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം പിന്നാലെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും മികവ് ലക്ഷ്യമിടുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടാടെയാണ് അരങ്ങേറാനൊരുങ്ങുന്നത്. ഇംഗ്ലണ്ട് തന്നെയാണ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കളിച്ചാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിടുന്നത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രാധാന്യം മുന്‍ നിര്‍ത്തി മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുകയാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലേക്ക് അയക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. 

ഇംഗ്ലണ്ട് മണ്ണില്‍ നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വെല്ലുവിളികളിലേക്ക് കടക്കുന്നതിന് മുന്‍പ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നത് താരങ്ങളുടെ മികവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ബിസിസിഐ കരുതുന്നത്. ഇതിന്റെ ഭാഗമായി ഏഴ് താരങ്ങളെയാണ് കൗണ്ടി ക്രിക്കറ്റിലേക്കയക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ, ഹനുമ വിഹാരി, മായങ്ക് അഗര്‍വാള്‍, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ എന്നിവരെയാണ് ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. 

പൂജാരയ്ക്ക് നിലവില്‍ കൗണ്ടി ക്ലബായ യോര്‍ക്ക്‌ഷെയറുമായി മൂന്ന് വര്‍ഷത്തെ കരാറുണ്ട്. രഹാനെയാകട്ടെ ഹാംപ്‌ഷെയറിന് വേണ്ടി കളിക്കാന്‍ അനുവാദം നല്‍കണമെന്ന് ബിസിസിഐക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ബാക്കി താരങ്ങള്‍ക്കും കളിക്കാന്‍ അവസരം ലഭിക്കുന്നതിന് വേണ്ടി കൗണ്ടി ക്ലബുകളായ ലെയ്‌സെസ്റ്റര്‍ഷെയര്‍, എസക്‌സ്, നോട്ടിങ്ഹാംഷെയര്‍ ടീമുകളുമായി ബിസിസിഐ അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അവര്‍ പുറത്ത് വിടുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പരമ്പരയ്ക്ക് മുന്‍പ് താരങ്ങള്‍ക്ക് കുറഞ്ഞത് നാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും കളിക്കാന്‍ അവസരം ലഭിക്കണമെന്നാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com