സന്തോഷ് ട്രോഫി; കലാശപ്പോരാട്ടത്തിൽ പഞ്ചാബും സർവീസസും ഏറ്റുമുട്ടും
By സമകാലികമലയാളം ഡെസ്‌ക് | Published: 20th April 2019 10:34 AM |
Last Updated: 20th April 2019 10:34 AM | A+A A- |

ലുധിയാന: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ പഞ്ചാബ് സർവീസസുമായി ഏറ്റുമുട്ടും. ലുധിയാനയിലെ ഗുരു നാനാക്ക് സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ് കലാശപ്പോരാട്ടം. സെമിയിൽ ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് പഞ്ചാബ് ഫൈനലിന് യോഗ്യത നേടിയത്. കർണാടകയെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് സർവീസസ് ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
കർണാടക- സർവീസസ് പോരാട്ടത്തിന്റെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടത്. ഷൂട്ടൗട്ടിൽ രണ്ട് പെനാൽറ്റികൾ കർണാടകം പാഴാക്കിയപ്പോൾ എടുത്ത നാല് കിക്കും വലയിലെത്തിച്ചാണ് സർവീസസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിനിടെ കർണാടകയ്ക്ക് പത്ത് പേരായി ചുരുങ്ങേണ്ടി വന്നെങ്കിലും പോരാട്ടം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാൻ അവർക്ക് സാധിച്ചു.
പഞ്ചാബ് ഇത് പതിനഞ്ചാം തവണയാണ് സന്തോഷ് ട്രോഫി കലാശപ്പോരിന് യോഗ്യത നേടുന്നത്. ജസ്പ്രീത്, ഹർജിന്ദർ സിങ് എന്നിവരാണ് പഞ്ചാബിനായി ഗോളുകൾ നേടിയത്. ഹര്‍ജിന്ദര്‍ സിങിന്റെ വകയായിരുന്നു വിജയ ഗോള്‍. കളിയുടെ പന്ത്രണ്ടാം മിനുട്ടിൽ ജസ്പ്രീത് പഞ്ചാബിനായി അദ്യ ഗോള്‍ നേടി. ആദ്യ പകുതിയില്‍ വീറോടെ കളിച്ച പഞ്ചാബ് നിരവധി അവസരങ്ങള്‍ പാഴാക്കുകയും ചെയ്തു.
ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഗോവ ഗോള്‍ തിരിച്ചടിക്കാനായി നടത്തിയ ശ്രമങ്ങള്‍ ലക്ഷ്യം കണ്ടു. പകരക്കാരാനായി ഇറങ്ങിയ റൊണാള്‍ഡോ ഒവാരിയോയാണ് ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്. അവസാന നിമിഷം വരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തില്‍ കളി തീരാൻ മിനുട്ടുകൾ മാത്രമുള്ളപ്പോഴാണ് പഞ്ചാബ് വിജയ ഗോള്‍ നേടിയത്.