അവസാനപന്തില്‍ പാഴായ ഒറ്റയാള്‍പ്പോരാട്ടം; ധോണി പൊരുതി വീണു 

അന്ത്യന്തം ആവേശകരമായിരുന്നു ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവര്‍. 25 റണ്‍സ് ജയിക്കാന്‍ വേണമായിരുന്ന അവസാന ഓവറില്‍ ധോണി പ്രതാപകാലത്തെ അനുസ്മരിച്ചാണ് ബാറ്റുവീശിയത്.
അവസാനപന്തില്‍ പാഴായ ഒറ്റയാള്‍പ്പോരാട്ടം; ധോണി പൊരുതി വീണു 

ബംഗളുരു: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനായില്ല. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒരു റണ്‍സിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്. അവസാന നിമിഷം വരെ അവേശം അലയടിച്ച് പോരാട്ടത്തില്‍ അവസാനപന്തില്‍ റണ്‍സെടുക്കാനാകാത്തതാണ് ധോണിക്കും ചെന്നൈയ്ക്കും തിരിച്ചടിയായത്.

48 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ധോണി അവസാന നിമിഷം വരെ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. അന്ത്യന്തം ആവേശകരമായിരുന്നു ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവര്‍. 25 റണ്‍സ് ജയിക്കാന്‍ വേണമായിരുന്ന അവസാന ഓവറില്‍ ധോണി പ്രതാപകാലത്തെ അനുസ്മരിച്ചാണ് ബാറ്റുവീശിയത്. ആദ്യപന്തില്‍ ഫോറ് നേടിയ ചെന്നൈ നായകന്‍ തൊട്ടടുത്ത രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സ് നേടിയ ധോണി അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ചു. ഒരു പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന ഘട്ടത്തില്‍ ഉമേഷിന്റെ പന്ത് ധോണിക്ക് തൊടാനായില്ല. ഓടി റണ്‍സെടുക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാവോ ക്രീസിലെത്തും മുമ്പ് പാര്‍ത്ഥിവ് പട്ടേല്‍ വിക്കറ്റ് തെറിപ്പിച്ചതോടെ ബാംഗ്ലൂര്‍ ആവേശജയം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ബാംഗ്ലൂര്‍ പാര്‍ഥിവ് പട്ടേലിന്റെ അര്‍ധസെഞ്ചുറി മികവിലാണ് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 161 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ വിരാട് കോലിയെ(9) തുടക്കത്തിലെ നഷ്ടമായ ബാംഗ്ലൂരിനെ ഡിവില്ലിയേഴ്‌സും പാര്‍ഥിവും ചേര്‍ന്ന് മികച്ച ടോട്ടലിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഡിവില്ലിയേഴ്‌സിനെ(25) മടക്കി ജഡേജ ചെന്നൈക്ക് നിര്‍ണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് അക്ഷദീപ് നാഥിനെ(24) കൂട്ടുപിടിച്ച് പാര്‍ഥിവ് ബാംഗ്ലൂര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

അക്ഷദീപിനെയും മടക്കി ജഡേജ തന്നെയാണ് മത്സരത്തില്‍ ചെന്നൈക്ക് വീണ്ടും വഴിത്തിരിവ് സമ്മാനിച്ചത്. മോയിന്‍ അലിയുയും(26), സ്‌റ്റോയിനസും(16) കാര്യമായി തിളങ്ങാതെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ സ്‌കോര്‍ 161ല്‍ ഒതുങ്ങി. ചെന്നൈക്കായി ജഡേജയും ചാഹറും ബ്രാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com