ക്ലാസ് സ്ഥിരമാണ്; മനോഹരം രഹാനെ; അഭിനന്ദനവുമായി മുൻ താരങ്ങൾ

ഒരൊറ്റ സെഞ്ച്വറി കൊണ്ട് തന്റെ മികവ് അവസാനിച്ചിട്ടില്ലെന്ന് താരം ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തി
ക്ലാസ് സ്ഥിരമാണ്; മനോഹരം രഹാനെ; അഭിനന്ദനവുമായി മുൻ താരങ്ങൾ

ജയ‌്പൂര്‍: അജിൻക്യ രഹാനെ കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയായിരുന്നു കടന്നുപോയിരുന്നത്. 2018 ഫെബ്രുവരിയിലാണ് ഇന്ത്യക്ക് വേണ്ടി അവസാനമായി ഏകദിന കുപ്പായമണിഞ്ഞത്. സീസണിലെ ഐപിഎല്ലിലും മോശം പ്രകടനം. പിന്നാലെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടാനും സാധിച്ചില്ല. ഈയടുത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും പോയി. 

എന്നാൽ ഒരൊറ്റ സെഞ്ച്വറി കൊണ്ട് തന്റെ മികവ് അവസാനിച്ചിട്ടില്ലെന്ന് താരം ക്രിക്കറ്റ് ലോകത്തെ ബോധ്യപ്പെടുത്തി. ക്ലാസ് സ്ഥിരവും ഫോം താത്കാലികവും എന്ന ആപ്ത വാക്യം ആരാധകർ ജയ്പുരിലെ മൈതാനത്ത് ശരിക്കും കണ്ടു. ലോകകപ്പ് ടീമില്‍ സ്ഥാനം നേടാതിരുന്ന രഹാനെയുടെ മധുരപ്രതികാരം കൂടിയായി ഈ ഇന്നിങ്സ്.  

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെതിരെ രഹാനെ മനോഹരമായ ഇന്നിങ്സാണ് പടുത്തുയർത്തിയത്. ഓപണറായി ക്രീസിലെത്തിയ രഹാനെ 63 പന്തിൽ 105 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് സിക്സും 11 ഫോറും തൊങ്ങൽ ചാർത്തിയ ഉജ്ജ്വലമായ ഇന്നിങ്സ്. തട്ടുപൊളിപ്പൻ ടി20 സെഞ്ച്വറിയായിരുന്നില്ല അവിടെ കണ്ടത്. ക്ലാസും പ്രതിഭാ വിലാസങ്ങളും ആവോളം സം​ഗമിച്ച ശതകം. ഐപിഎല്‍ കരിയറില്‍ രഹാനെയുടെ രണ്ടാം സെഞ്ച്വറിയാണിത്. 

ക്രിക്കറ്റ് ലോകത്തിന് ഓർമയിൽ നിൽക്കാൻ പാകത്തിൽ ബാറ്റിങ് വിരുന്നൊരുക്കിയ രഹാനെയെ അഭിനന്ദിക്കുകയാണ് ഇതിഹാസങ്ങള്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍. പ്രശംസിച്ചവരുടെ കൂട്ടത്തിൽ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുമുണ്ടായിരുന്നു.

'സ്മാര്‍ട്ടായി കളിച്ചു അജിന്‍ക്യ രഹാനെ. അതിമനോഹരമായ ഇന്നിങ്‌സ്. പന്ത് ബാറ്റിലേക്ക് വരുന്ന പിച്ചാണ് ജയ്പുരിലേത്. കാണുന്നത് പോലെ മോശമല്ല പിച്ച്. അല്‍പം ഈര്‍പ്പമുണ്ടെങ്കില്‍ ഇതൊരു ആവേശകരമായ മത്സരമായിരിക്കും'.  സച്ചിൻ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com