ലോകകപ്പില്‍ തഴഞ്ഞ രണ്ട് താരങ്ങളുടെ തകര്‍ത്തടിക്കല്‍; സെലക്ടര്‍മാര്‍ കാണുന്നുണ്ടല്ലോയെന്ന് ആരാധകര്‍

സെഞ്ചുറിയടിച്ചാണ് രഹാനെ മറുപടി നല്‍കിയത് എങ്കില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചാണ് പന്ത് അതൃപ്തി അറിയിച്ചത്
ലോകകപ്പില്‍ തഴഞ്ഞ രണ്ട് താരങ്ങളുടെ തകര്‍ത്തടിക്കല്‍; സെലക്ടര്‍മാര്‍ കാണുന്നുണ്ടല്ലോയെന്ന് ആരാധകര്‍

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട രണ്ട് താരങ്ങളുടെ തകര്‍പ്പന്‍ കളിയായിരുന്നു രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ കണ്ടത്. സെഞ്ചുറിയടിച്ചാണ് രഹാനെ മറുപടി നല്‍കിയത് എങ്കില്‍ ടീമിനെ ജയത്തിലേക്ക് എത്തിച്ചാണ് പന്ത് അതൃപ്തി അറിയിച്ചത്. 

ക്രീസില്‍ നിന്ന് ബാറ്റ് ചെയ്യുന്ന സമയം ലോകകപ്പ് സെലക്ഷനുമായി ബന്ധപ്പെട്ട ചിന്ത എന്റെ മനസിലുണ്ടായിരുന്നതായി ഡല്‍ഹി ക്യാപിറ്റല്‍സ് താരം റിഷഭ് പന്ത് തുറന്നു പറയുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മികച്ച ഇന്നിങ്‌സിലൂടെ ടീമിനെ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെയായിരുന്നു പന്തിന്റെ വാക്കുകള്‍. 

ലോകകപ്പ് ടീം സെലക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ എന്റെ മനസിലൂടെ കടന്നു പോയില്ല എന്ന് കള്ളം പറയുവാന്‍ എനിക്കാവില്ല. എന്നാല്‍ കളിയിലേക്ക് മാത്രം ശ്രദ്ധ കൊടുക്കുവാനാണ് ഞാന്‍ ശ്രമിച്ചത് എന്നും പന്ത് പറയുന്നു. 36 പന്തില്‍ ആറ് ഫോറും നാല് സിക്‌സും പറത്തിയായിരുന്നു പന്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ രഹാനെയുടെ സെഞ്ചുറി ബലത്തിലാണ് മികച്ച സ്‌കോറിലേക്ക് എത്തിയത്. 63 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും പറത്തി രഹാനെ പുറത്താവാതെ നിന്നു. ലോകകപ്പ് ടീമില്‍ നിന്നു തന്നേയും ഒഴിവാക്കിയതിലെ മറുപടി കൂടിയായിരുന്നു രഹാനെ അവിടെ നല്‍കിയത്. 

കൂറ്റനടികള്‍ക്ക് സാധിക്കാത്ത താരം എന്ന് തന്നെ വിലയിരുത്തുന്നതിനെതിരെ രഹാനെ വിമര്‍ശനവുമായി എത്തിയിരുന്നു. ബിഗ് ഹിറ്റുകള്‍ ഇല്ലാതെ തന്നെ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താന്‍ തനിക്ക് സാധിക്കും എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷന്‍ വരുന്നതിന് മുന്‍പ് രഹാനെ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com