ബിസിസിഐയില്‍ പൊട്ടിത്തെറി; ലോകകപ്പ് കാണാന്‍ രണ്ട് സിഒഎ അംഗങ്ങള്‍ പോകുന്നതില്‍ പ്രതിഷേധം

ടീമിന്റെ വിദേശ പര്യടനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ബിസിസിഐ അംഗങ്ങള്‍ പോവുന്നത് സാമ്പത്തിക നഷ്ടം തീര്‍ക്കുമെന്ന് സിഒഎ തന്നെ പറഞ്ഞിട്ടുള്ളതാണ്
ബിസിസിഐയില്‍ പൊട്ടിത്തെറി; ലോകകപ്പ് കാണാന്‍ രണ്ട് സിഒഎ അംഗങ്ങള്‍ പോകുന്നതില്‍ പ്രതിഷേധം

ലോകകപ്പ് ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്ക് പോകുവാനുള്ള രണ്ട് സിഒഎ അംഗങ്ങളുടെ നീക്കം ബിസിസിഐയില്‍ പൊട്ടിത്തെറി തീര്‍ക്കുന്നു. ഇതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐയില്‍ പ്രതിഷേധം ഉയരുന്നത്. 

ടീമിന്റെ വിദേശ പര്യടനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ബിസിസിഐ അംഗങ്ങള്‍ പോവുന്നത് സാമ്പത്തിക നഷ്ടം തീര്‍ക്കുമെന്ന് സിഒഎ തന്നെ പറഞ്ഞിട്ടുള്ളതാണ് എന്നു കാര്യം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. രണ്ട് സിഒഎ അംഗങ്ങള്‍ ലോകകപ്പിനായി വിദേശത്തേക്ക് പോകുന്നതില്‍ ഒരു അംഗത്തിന് മാത്രം 25 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. 

സിഒഎ അംഗങ്ങള്‍ ലോകകപ്പിനായി പോയാല്‍, 52000 രൂപയോളം അവരുടെ ദിവസ ചെലവിനായി വരുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ടില്‍ കളിക്കാന്‍ പോകുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ ഡിഎ എണ്ണായിരം രൂപയ്ക്കടുത്ത് മാത്രമാണ്. ബിസിസിഐയില്‍ നിന്നും ഇപ്പോള്‍ ഉയരുന്ന എതിര്‍പ്പ് പരിഗണിച്ച് ക്രിക്കറ്റ് താരങ്ങളുടെ ഡിഎ കൂട്ടാന്‍ സിഒഎ നടപടി എടുത്തേക്കുമെന്നാണ് സൂചന. 

ബിസിസിഐയുടെ ആക്ടിങ് സെക്രട്ടറിയായിരുന്ന അമിതാഭ് ചൗധരിയെ ലങ്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ പര്യടനങ്ങള്‍ക്കൊപ്പം പോകുന്നതില്‍ നിന്നും സിഒഎ വിലക്കിയിരുന്നു. ടീമിനൊപ്പം ഔദ്യോഗിക കാര്യങ്ങളൊന്നും ഇദ്ദേഹത്തിന് നിറവേറ്റുവാനില്ലെന്ന് പറഞ്ഞായിരുന്നു അന്ന് സിഒഎയുടെ നടപടി. ഇത് ചൂണ്ടിക്കാട്ടിയാണ് സിഒഎ അംഗങ്ങള്‍ ലോകകപ്പിന് പോകുന്നത് ബിസിസിഐ വൃത്തങ്ങള്‍ എതിര്‍ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com