അവിടെ ജയിച്ചത് കോഹ് ലിയുടെ തന്ത്രവും ധൈര്യവും; പഞ്ചാബിനെതിരെ കോഹ് ലിയുടെ നിര്‍ണായക നീക്കം

രാഹുല്‍, ഗെയില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ഭീഷണി ഒഴിവാക്കിയതിന് പിന്നാലെയാണ് നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ കളി വരുന്നത്
അവിടെ ജയിച്ചത് കോഹ് ലിയുടെ തന്ത്രവും ധൈര്യവും; പഞ്ചാബിനെതിരെ കോഹ് ലിയുടെ നിര്‍ണായക നീക്കം

തുടര്‍ച്ചയായ മൂന്നാം ജയ നേടി പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍ നല്‍കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 17 റണ്‍സിന് ജയം പിടിച്ചപ്പോള്‍ നായകന്‍ വിരാട് കോഹ് ലിയുടെ നീക്കവുമായിരുന്നു കളിയില്‍ നിര്‍ണായകമായത്. ബാംഗ്ലൂരിന് ഭീഷണി തീര്‍ത്ത് നിന്നിരുന്ന ഡേവിഡ് മില്ലറിന്റേയും, നിക്കോളാസ് പൂരന്റേയും വിക്കറ്റ് വീഴ്ത്തിയത് കോഹ് ലിയുടെ തന്ത്രമായിരുന്നു. 

രാഹുല്‍, ഗെയില്‍, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ ഭീഷണി ഒഴിവാക്കിയതിന് പിന്നാലെയാണ് നിക്കോളാസ് പൂരന്റെ തകര്‍പ്പന്‍ കളി വരുന്നത്. സുന്ദറിനെ മൂന്ന് വട്ടം സിക്‌സറിന് പറത്തി വിന്‍ഡിസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബാംഗ്ലൂരിന് മുന്നറിയിപ്പ് നല്‍കി. ബാംഗ്ലൂരിനെ പൂരന്‍ സമ്മര്‍ദ്ദത്തിലാക്കിയ നിമിഷത്തില്‍, ബാംഗ്ലൂരിന്റെ ഏറ്റവും പരിചയ സമ്പത്തുള്ള സ്പിന്നറിലേക്ക് പോവാതെ ഫാസ്റ്റ് ബൗളര്‍മാരുടെ കൈകളിലേക്ക് പന്ത് നല്‍കാനുള്ള ധൈര്യം കോഹ് ലി കാണിച്ചു. 

കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് വാരി നല്‍കിയ ഉമേഷ് യാദവിനെയാണ് 18ാം ഓവര്‍ എറിയാന്‍ കോഹ് ലി ഏല്‍പ്പിച്ചത്. സ്റ്റൊയ്‌നിസ് ആ അവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കില്‍ പൂരന്റെ വിക്കറ്റ് ആ ഓവറില്‍ വീഴുമായിരുന്നു. യുവതാരം സയ്‌നിയെയാണ് 19ാം ഓവര്‍ എറിയുവാന്‍ കോഹ് ലി നിയോഗിച്ചത്. മില്ലറിനേയും, പൂരനേയും സയ്‌നി തുടരെ പുറത്താക്കി. ഒടുവില്‍ 17 റണ്‍സ് ജയവും കോഹ് ലിയേയും സംഘത്തേയും തേടിയെത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ പാര്‍ഥീവ് പട്ടേല്‍, ഡിവില്ലിയേഴ്‌സ്, സ്റ്റൊയ്‌നിസ് എന്നിവരുടെ മികവിലാണ് സ്‌കോര്‍ ബോര്‍ഡ് 200 കടത്തിയത്. അവസാന ഓവറുകളില്‍ സ്‌റ്റൊയ്‌നിസിന്റേയും, ഡിവില്ലിയേഴ്‌സിന്റേയും വെടിക്കെട്ടും ബാംഗ്ലൂരിന് തുണയായി. 44 പന്തില്‍ മൂന്ന് ഫോറും ഏഴ് സിക്‌സും പറത്തിയായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. 

203 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് വേണ്ടി ഗെയിലും രാഹുലും തകര്‍പ്പന്‍ തുടക്കം നല്‍കി. പക്ഷേ മൂന്നാമത്തെ ഓവറില്‍ തന്നെ ഗെയില്‍ വീണു. രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന കൂട്ടുകെട്ട് പഞ്ചാബിനെ 100 കടത്തിയപ്പോള്‍ സ്‌റ്റൊയ്‌നിസ് മായങ്കിനെ 9ാം ഓവറില്‍ വീഴ്ത്തി. 10ാം ഓവറില്‍ രാഹുലും മടങ്ങി. എന്നാല്‍ പൂരനും, ഡേവിഡ് മില്ലറും ചേര്‍ന്ന് പഞ്ചാബിന് വിജയ പ്രതീക്ഷ നല്‍കി. പക്ഷേ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് കളി പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com