ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോയും തിരികെ കൊടുക്കണം, രണ്ട് വര്‍ഷത്തിനപ്പുറം നെയ്മര്‍

വ്യക്തമായി പറഞ്ഞാല്‍, പിഎസ്ജിയുടെ കഴിഞ്ഞ 105 മത്സരങ്ങളില്‍ 50 മത്സരങ്ങള്‍ നെയ്മര്‍ക്ക് കളിക്കാനായില്ല
ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോയും തിരികെ കൊടുക്കണം, രണ്ട് വര്‍ഷത്തിനപ്പുറം നെയ്മര്‍

''ദീര്‍ഘകാലത്തേക്ക് ലക്ഷ്യം വെച്ചുള്ള നിക്ഷേപമാണ് ഇന്ന് ഞങ്ങള്‍ നടത്തിയത്. രണ്ട്, അല്ലെങ്കില്‍ മൂന്ന് വര്‍ഷം കഴിയുമ്പോള്‍ എല്ലാവരും പറയും, എന്ത് ഭംഗിയായിട്ടാണ് അവരാ ജോലി ചെയ്തത് എന്ന്.''- 222 മില്യണ്‍ യൂറോ എന്ന റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ വിലയില്‍ നെയ്മറെ ബാഴ്‌സയില്‍ നിന്നും പിഎസ്ജിയിലേക്ക് എത്തിച്ചതിന് പിന്നാലെ പിഎസ്ജി ഖത്തറി ചെയര്‍മാന്‍ നാസര്‍ അല്‍ ഖെലൈഫിയുടെ വാക്കുകള്‍. 

നെയ്മര്‍ പിഎസ്ജിയിലേക്ക് എത്തി രണ്ട് വര്‍ഷത്തിന് ശേഷം, എംബാപ്പെ പിഎസ്ജിയുടെ തുടര്‍ച്ചയായ രണ്ടാം ലീഗ് 1 കിരീട നേട്ടം മൊനാകോയ്‌ക്കെതിരെ ഹാട്രിക് അടിച്ചാണ് ആഘോഷിച്ചത്. 27 മത്സരങ്ങളില്‍ നിന്നും 30 ലീഗ് 1 ഗോളുകളാണ് എംബാപ്പെയുടെ പേരില്‍ ഇപ്പോഴുള്ളത്. യൂറോപ്പില്‍ ലയണല്‍ മെസിക്ക് പിന്നിലും എംബാപ്പെയുണ്ട്. 

പിഎസ്ജിയുടെ പ്രധാന പോരാളിയായ ടീമില്‍ എത്തിയ നെയ്മറാവട്ടെ, എംബാപ്പെയെ പിന്തുണയ്ക്കുന്ന റോളിലേക്കെത്തുന്നു. സീസണിലെ നെയ്മറുടെ 14ാം ലീഗ് മത്സരം മാത്രമായിരുന്നു അത്. പിഎസ്ജിയുടെ കഴിഞ്ഞ 19 ലീഗ് 1 മത്സരങ്ങളില്‍ 17ലും നെയ്മര്‍ കളിച്ചില്ല. ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുക എന്ന ലക്ഷ്യത്തോടെ പിഎസ്ജി ടീമിലേക്കെത്തിച്ച നെയ്മര്‍ക്ക് ഈ സീസണിലെ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് 16ലെ രണ്ട് പാദങ്ങളും നഷ്ടമായി. 

ഇതേ പ്രശ്‌നം തന്നെയാണ് കഴഞ്ഞ സീസണിലും നെയ്മര്‍ക്കും, പിഎസ്ജിക്കും നേരിടേണ്ടി വന്നത്. മൊനാക്കോയില്‍ നിന്നും 2017-18 സീസണ്‍ കിരീടം ബാഴ്‌സ തിരിച്ചെടുത്തുവെങ്കിലും പിഎസ്ജിക്ക് വേണ്ടി 20 ലീഗ് മത്സരങ്ങള്‍ മാത്രമാണ് നെയ്മര്‍ അന്ന് കളിച്ചത്. വ്യക്തമായി പറഞ്ഞാല്‍, പിഎസ്ജിയുടെ കഴിഞ്ഞ 105 മത്സരങ്ങളില്‍ 50 മത്സരങ്ങള്‍ നെയ്മര്‍ക്ക് കളിക്കാനായില്ല. 

പരിക്കിന്റെ പിടിയിലല്ലാത്ത സമയം മികവ് കാണിക്കുവാന്‍ നെയ്മര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 54 മത്സരങ്ങളില്‍ നിന്നും 48 ഗോളുകളുംസ 27 അസിസ്റ്റുമാണ് താരത്തില്‍ നിന്നും കഴിഞ്ഞ സീസണില്‍ വന്നത്. എന്നാല്‍ ഡൊമസ്റ്റിക് ലീഗില്‍ മികവ് കാണിക്കുവാന്‍ ലക്ഷ്യമിട്ടല്ല നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത് എന്നത് തന്നെയാണ് അവിടെയുള്ള പ്രശ്‌നം. 

റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയില്‍ എത്തുന്ന താരം ചാമ്പ്യന്‍സ് ലീഗില്‍ എങ്ങനെ കളിക്കുന്നുവെന്നതാണ് വിഷയം. യുവന്റ്‌സിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോയുടേയും, മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിക്കുന്ന പോഗ്ബയുടെ പ്രകടനവും വിലയിരുത്തുന്നത് പോലെ. നെയ്മറെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്യുന്ന സമയം അല്‍ ഖെലൈഫി പറഞ്ഞത്, ഇപ്പോഴിത് വലിയ വിലയായി തോന്നിയേക്കാം. പക്ഷേ രണ്ട് വര്‍ഷം കഴിയുമ്പോള്‍ അങ്ങനെയായിരിക്കില്ല എന്നാണ്. പക്ഷേ രണ്ട് വര്‍ഷത്തിനിപ്പുറവും ലഭിച്ച പ്രതിഫലത്തിന്റെ മൂല്യം തനിക്കുണ്ടെന്ന് തെളിയിക്കാന്‍ നെയ്മര്‍ക്കായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com