സഞ്ജുവിന്റെ കരുത്ത്; ഹൈ​​ദ​രാബാദിനെ വീഴ്ത്തി റോയലായി ആറാം സ്ഥാനത്തേക്കുയർന്ന് രാജസ്ഥാൻ

ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ തിളങ്ങിയ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം
സഞ്ജുവിന്റെ കരുത്ത്; ഹൈ​​ദ​രാബാദിനെ വീഴ്ത്തി റോയലായി ആറാം സ്ഥാനത്തേക്കുയർന്ന് രാജസ്ഥാൻ

ഹൈദരാബാദ്: ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ തിളങ്ങിയ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് വിജയം. ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ വിജയം പിടിച്ചത്. സഞ്ജുവിനൊപ്പം രാജസ്ഥാനായി ലിവിങ്‌സ്റ്റണും തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്ത് വിജയം പിടിക്കുകയായിരുന്നു. 19.1 ഓവറിൽ രാജസ്ഥാൻ വിജയം സ്വന്തമാക്കി. 

ജയത്തോടെ പന്ത്രണ്ട് കളികളില്‍ നിന്ന് പത്ത് പോയിന്റുമായി കൊല്‍ക്കത്തയെ പിന്തള്ളി രാജസ്ഥാൻ ആറാം സ്ഥാനത്തേക് കയറി. 11 കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്ത്.  

32 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന്  സഞ്ജുവാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഒരു സിക്‌സും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഷാക്കിബ് എറിഞ്ഞ പത്തൊന്‍പതാം ഓവറിന്റെ ആദ്യ പന്ത് അതിര്‍ത്തി കടത്തിയാണ് സഞ്ജു രാജസ്ഥാന് ജയം സമ്മാനിച്ചത്. ലിവിങ്‌സ്റ്റണ്‍ 26 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. ഓപണര്‍ അജിൻക്യ രഹാനെ ലിവിങ്‌സ്റ്റണിന് മികച്ച പിന്തുണയാണ് നല്‍കിയത്. ക്യാപ്റ്റന്‍ സ്മിത്ത് 16 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. സണ്‍റൈസേഴ്‌സിനു വേണ്ടി ഷാക്കിബും റാഷിദ് ഖാനും അഹമ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ ടോസ് നേടിയിട്ടും ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ തീരുമാനത്തെ ശരി വയ്ക്കുന്നതായിരുന്നു രാജസ്ഥാന്‍ ബൗളര്‍മാരുടെ പ്രകടനം. 36 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. വാര്‍ണര്‍ 32 പന്തില്‍ നിന്ന് 37 റണ്‍സെടുത്തു. വില്ല്യംസണിന് 13 ഉം വിജയ്ശങ്കറിന് എട്ടും ഷാക്കിബ് ഹസ്സന് ഒന്‍പതും റണ്‍സാണ് നേടാനായത്. റാഷിദ് ഖാന്‍ പതിനേഴ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വരുണ്‍ ആരോണ്‍ എറിഞ്ഞ അവസാന പന്ത് സിക്‌സര്‍ പറത്തിയാണ് റാഷിദ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 

ഹൈദരാബാദിനെ പിടിച്ചുനിർത്തുന്നതിൽ രാജസ്ഥാന്‍ ബൗളര്‍മാര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്, ശ്രേയസ് ഗോപാല്‍, ഉനദ്കട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവറിൽ 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഉനദ്കടാണ് കളിയിലെ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com