അവാര്‍ഡിന്റെ കാര്യത്തിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പ്രതിരോധം; പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ വിര്‍ജില്‍ വാന്‍ ഡിജിക്‌

അവാര്‍ഡിന്റെ കാര്യത്തിലും സ്‌ട്രൈക്കര്‍മാര്‍ക്ക് പ്രതിരോധം; പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ വിര്‍ജില്‍ വാന്‍ ഡിജിക്‌

സ്‌റ്റെര്‍ലിങ്ങിനേയും, ചെല്‍സിയുടെ സൂപ്പര്‍ താരം ഹസാര്‍ഡിനേയും പിന്നിലേക്ക് തള്ളിയാണ് വാന്‍ ഡിജിക് പ്രീമിയര്‍ ലീഗിലെ പ്ലേയര്‍ ഓഫ് ദി ഇയറാവുന്നത്

ലിവര്‍പൂളിനായി പ്രതിരോധ കോട്ട കെട്ടിയ വിര്‍ജില്‍ വാന്‍ ഡിജിക്കാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലിഗിന്റെ ഈ വര്‍ഷത്തെ താരം. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌റ്റെര്‍ലിങ്ങിനേയും, ചെല്‍സിയുടെ സൂപ്പര്‍ താരം ഹസാര്‍ഡിനേയും പിന്നിലേക്ക് തള്ളിയാണ് വാന്‍ ഡിജിക് പ്രീമിയര്‍ ലീഗിലെ പ്ലേയര്‍ ഓഫ് ദി ഇയറാവുന്നത്. 

പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ മികച്ച ഡിഫന്‍സീവ് റെക്കോര്‍ഡ് ആണ് വാന്‍ ഡിജിക്കിന്റെ മികവില്‍ ക്ലോപ്പും സംഘവും ചേര്‍ന്ന് തീര്‍ത്തത്. 36 മത്സരങ്ങളില്‍ നിന്ന് ലിവര്‍പൂള്‍ വഴങ്ങിയത് 20 ഗോളുകള്‍ മാത്രം.  ഈ സീസണില്‍ 17 ക്ലീന്‍ ഷീറ്റുകള്‍ നേടിയാണ് ലിവര്‍പൂള്‍ റെക്കോര്‍ഡ് തീര്‍ത്തത്. പ്രീമിയര്‍ ലീഗില്‍ കിരീടത്തിന് അടുത്തേക്ക് ലിവര്‍പൂളിനെ എത്തിച്ചതിന് പിന്നില്‍ പുറത്തെടുത്ത മികച്ച കളിയാണ് താരത്തിന് തുണയായത്. 

തുടര്‍ച്ചയായ രണ്ടാം വട്ടമാണ് ഒരു ലിവര്‍പൂള്‍ താരം പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയറാവുന്നത്. കഴിഞ്ഞ സീസണില്‍ കളം നിറഞ്ഞ് കളിച്ച സലയായിരുന്നു കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത്. 2005ല്‍ ചെല്‍സിയുടെ സെന്റര്‍ ബാക്ക് ആയ ജോണ്‍ ടെറി പ്രീമിയര്‍ ലീഗ് പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയതിന് ശേഷം ഈ നേട്ടത്തിലേക്കെത്തുന്ന ആദ്യ പ്രതിരോധ നിര താരമാണ് വാന്‍ ഡിജിക്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ മാത്രം ഡിഫന്ററുമാണ് വാന്‍ ഡിജിക്‌

ലിവര്‍പൂളിന്റെ മാനെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ അഗ്യുറോ, ബെര്‍നാഡോ സില്‍വ എന്നിവരായിരുന്നു പ്ലേയര്‍ ഓഫ് ദി ഇയറിനായുള്ള ആറ് കളിക്കാരുടെ അന്തിമ പട്ടികയില്‍ ഇടംനേടിയ മറ്റ് താരങ്ങള്‍. പ്ലേയര്‍ ഓഫ് ദി ഇയര്‍ ആയില്ലെങ്കിലും പ്രീമിയര്‍ ലീഗിലെ യുവതാരത്തിനുള്ള അവാര്‍ഡ് നേടിയാണ് സ്റ്റെര്‍ലിങ് മടങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com