ആഷസ്; സ്മിത്തില്‍ പ്രതീക്ഷ; ഓസീസ് പൊരുതുന്നു

ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ പൊരുതുന്നു
ആഷസ്; സ്മിത്തില്‍ പ്രതീക്ഷ; ഓസീസ് പൊരുതുന്നു

ബര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ പൊരുതുന്നു. ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെന്ന നിലയില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 284 റണ്‍സില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സെടുത്ത് 90 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ തുടക്കം പതര്‍ച്ചയോടെയായിരുന്നു. പത്തോവര്‍ എത്തും മുന്‍പ് അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 27 റണ്‍സ് മാത്രമാണ് നേടായത്. ഡേവിഡ് വാര്‍ണറും (എട്ട്), കാമറോണ്‍ ബാക്രോഫ്റ്റുമാണ് (ഏഴ്) പുറത്തായത്. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഖവാജ- സ്മിത്ത് സഖ്യം ചെറുത്തു നിന്നതോടെ അവര്‍ ട്രാക്കിലായി. എന്നാല്‍ 40 റണ്‍സെടുത്ത ഖവാജയെ ബെന്‍ സ്‌റ്റോക്‌സ് മടക്കി. കളി നിര്‍ത്തുമ്പോള്‍ 46 റണ്‍സുമായി സ്മിത്തും 21 റണ്‍സുമായി ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍. സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

ഒന്നാമിന്നിങ്‌സില്‍  98.2 ഓവറില്‍ പാറ്റിന്‍സനെ ബെയര്‍സ്‌റ്റോ ബൗണ്ടറിയടിച്ചതോടെയാണ് ഇംഗ്ലണ്ട് 284 റണ്‍സ് എന്ന ഓസീസ് സ്‌കോര്‍ മറികടന്നത്. നാലിന് 267 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന് ക്ഷണത്തിലാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായത്.

ബെന്‍ സ്‌റ്റോക്‌സ് (50), റോറി ബേണ്‍സ് (133), മൊയിന്‍ അലി (0) ജോണി ബെയര്‍സ്‌റ്റോ (8), സ്റ്റുവര്‍ട്ട് ബ്രോഡ് (29) എന്നിവരാണ് മൂന്നാം ദിനം പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. 95 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത ക്രിസ് വോക്‌സ് പുറത്താകാതെ നിന്നു.

തലേദിവസത്തെ സ്‌കോറിനോട് കേവലം 107 റണ്‍സാണ് ഇവര്‍ക്ക് ചേര്‍ക്കാനായത്. ഇതിനിടെ ആറ് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ബ്രോഡും വോക്‌സും ചേര്‍ന്ന് ഒന്‍പതാം വിക്കറ്റില്‍ നേടിയ 65 റണ്‍സന്റെ കൂട്ടുകെട്ട് മാത്രമായിരുന്നു മൂന്നാം ദിനം അവര്‍ക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കു വേണ്ടി കമ്മിന്‍സും ലിയോണ്‍ മൂന്ന് വിക്കറ്റ് വീതവും പാറ്റിന്‍സണും സിഡിലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com