ആഷസ് ആവേശകരം; പിടിമുറുക്കി ഓസ്‌ട്രേലിയ; ഇംഗ്ലണ്ട് തകരുന്നു

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ആഷസ് ആവേശകരം; പിടിമുറുക്കി ഓസ്‌ട്രേലിയ; ഇംഗ്ലണ്ട് തകരുന്നു

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 398 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇംഗ്ലണ്ട് 85 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ചയെ അഭിമുഖീകരിക്കുന്നു. ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ആറ് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 313 റണ്‍സ് കൂടി വേണം. 

ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 284 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 374 റണ്‍സെടുത്ത് 90 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. 

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ച റോറി ബേണ്‍സ് 11 റണ്‍സില്‍ പുറത്തായി. പിന്നീട് ഇന്നിങ്‌സ് മുന്നോട്ട് നയിച്ച ജാസന്‍ റോയ്, ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ 28 റണ്‍സ് വീതമെടുത്ത് കൂടാരം കയറി. 11 റണ്‍സെടുത്ത ഡെന്‍ലിയും അധികം ക്രീസില്‍ നില്‍ക്കാതെ മടങ്ങി. ഒരു റണ്‍സുമായി ജോസ് ബട്‌ലറും റണ്ണൊന്നുമെടുക്കാതെ ബെന്‍ സ്‌റ്റോക്‌സുമാണ് ക്രീസില്‍. 

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണാണ് ഇംഗ്ലീഷ് ബാറ്റിങിന് തലവേദന സൃഷ്ടിക്കുന്നത്. പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റെടുത്തു.

നേരത്തെ ഓസീസിനായി മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ടീമിന്റെ നെടുംതൂണായതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോററായി. സ്മിത്തിനൊപ്പം മാത്യു വെയ്ഡും ശതകം സ്വന്തമാക്കിയതോടെ ഓസീസ് മികച്ച സ്‌കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സ്മിത്ത് (142), വെയ്ഡ് (110) എന്നിവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് (51) അര്‍ധ സെഞ്ച്വറി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com