ഫൈനലൊഴികെ ഒരു മത്സരവും ലൈവ് ഇല്ല; ദുലീപ് ട്രോഫി പോരാട്ടം ചുവന്ന പന്തില്‍ തന്നെ

ഇന്ത്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങളുടെ സീസണിന് തുടക്കം കുറിക്കുന്ന ടൂര്‍ണമെന്റായ ദുലീപ് ട്രോഫി പഴയ രീതിയില്‍ തന്നെ ഇത്തവണ അരങ്ങേറും.
ഫൈനലൊഴികെ ഒരു മത്സരവും ലൈവ് ഇല്ല; ദുലീപ് ട്രോഫി പോരാട്ടം ചുവന്ന പന്തില്‍ തന്നെ

മുംബൈ: ഇന്ത്യയിലെ ക്രിക്കറ്റ് പോരാട്ടങ്ങളുടെ സീസണിന് തുടക്കം കുറിക്കുന്ന ടൂര്‍ണമെന്റായ ദുലീപ് ട്രോഫി പഴയ രീതിയില്‍ തന്നെ ഇത്തവണ അരങ്ങേറും. ചുവന്ന പന്ത് ഉപയോഗിച്ച് പകല്‍ മാത്രമായിരിക്കും ഇത്തവണ പോരാട്ടം. ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ ഒന്‍പത് വരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഇന്ത്യ ബ്ലു, ഗ്രീന്‍, റെഡ് ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 

കഴിഞ്ഞ മൂന്ന് സീസണുകളിലായി ദുലീപ് ട്രോഫി പകല്‍- രാത്രി മത്സരങ്ങളായും പിങ്ക് പന്തിലുമായാണ് നടത്തിയിരുന്നു. പകല്‍- രാത്രി മത്സരമായി നടത്തുന്ന ഇന്ത്യയുടെ ഒരേയൊരു പ്രാദേശിക ടൂര്‍ണമെന്റാണ് ദുലീപ് ട്രോഫി. ഏറെ ശ്രദ്ധേയമായൊരു മുന്നേറ്റമെന്ന നിലയിലായിരുന്നു ഈ മാറ്റത്തെ ക്രിക്കറ്റ് ലോകം കണ്ടത്. 

എന്നാല്‍ ഈ സീസണിലെ ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ഒന്നും ഒരു ടെലവിഷന്‍ ചാനലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നില്ല. ഇതോടെയാണ് ബിസിസിഐ പഴയ രീതിയില്‍ തന്നെ ഇത്തവണ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്. 

അതേസമയം സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ഫൈനല്‍ പോരാട്ടം പിങ്ക് പന്തില്‍ പകല്‍- രാത്രിയായി നടത്തുമെന്ന് ബിസിസിഐ ക്രിക്കറ്റ് ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ സാബാ കരീം വ്യക്തമാക്കി. ഫൈനല്‍ മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും സാബാ കരീം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com