ആര്‍തറുടെ സേവനം ഇനി വേണ്ട, കരാര്‍ പുതുക്കാതെ പാകിസ്ഥാന്‍; പാക് കോച്ചിങ് സ്റ്റാഫില്‍ വലിയ അഴിച്ചുപണി

ആര്‍തറുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു പാകിസ്ഥാന്‍. ആഗസ്റ്റ് 15നാണ് ആര്‍തറുടെ പരിശീലന കാലാവധി അവസാനിച്ചത്
ആര്‍തറുടെ സേവനം ഇനി വേണ്ട, കരാര്‍ പുതുക്കാതെ പാകിസ്ഥാന്‍; പാക് കോച്ചിങ് സ്റ്റാഫില്‍ വലിയ അഴിച്ചുപണി

ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ കോച്ച് മിക്കി ആര്‍തറെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി പാകിസ്ഥാന്‍. ആര്‍തറുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു പാകിസ്ഥാന്‍. ആഗസ്റ്റ് 15നാണ് ആര്‍തറുടെ പരിശീലന കാലാവധി അവസാനിച്ചത്. 

ആര്‍തറിന്റേതിന് ഒപ്പം, ബൗളിങ് കോച്ച് അസ്ഹര്‍ മഹ്മൂദ്, ബാറ്റിങ് കോച്ച് ഗ്രാന്റ് ഫഌവര്‍, ട്രെയ്‌നര്‍ ഗ്രാന്റ് ലുഡെന്‍ എന്നിവരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. പരിശീലക വിഭാഗത്തില്‍ വലിയ അഴിച്ചുപണിയാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. 

ഇംഗ്ലണ്ട് ലോകകപ്പില്‍ സെമി ഫൈനലിലെത്താന്‍ പാകിസ്ഥാന് സാധിച്ചിരുന്നില്ല. പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തായാണ് പാകിസ്ഥാന്‍ ലോകകപ്പ് ക്യാംപെയ്ന്‍ അവസാനിപ്പിച്ചത്. കീവീസിനൊപ്പം ഒരേ പോയിന്റായിട്ടും നെറ്റ് റണ്‍റേറ്റാണ് പാകിസ്ഥാന് വിനയായത്. 

സര്‍ഫ്രാസ് അഹ്മദിനെ പാക് ടീമിന്റെ നായക സ്ഥാനത്ത് നിന്നും മാറ്റണം എന്ന ആവശ്യം ആര്‍തര്‍ മുന്നോട്ടു വെച്ചതായാണ് ലോകകപ്പിന് പിന്നാലെ റിപ്പോര്‍ട്ട് വന്നത്. ആര്‍തറിനെ പരിശീലക സ്ഥാനത്ത് നിന്നും പാകിസ്ഥാന്‍ മാറ്റിയേക്കില്ലെന്നുമായിരുന്നു സൂചന. എന്നാല്‍, പുതിയ പരിശീലകനെ തിരയുകയാണ് പാകിസ്ഥാന്‍ ഇപ്പോള്‍. 

2016 മുതലാണ് ആര്‍തര്‍ പാകിസ്ഥാന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ആര്‍തറിന് കീഴില്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടവും, ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും പാക് ക്രിക്കറ്റിനെ തേടിയെത്തി. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റില്‍ താഴേക്ക് വീണ പാകിസ്ഥാന് ഏകദിനത്തിലും സ്ഥിരത പുലര്‍ത്താനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com