ഈ നേട്ടമുള്ള ഒരേയൊരു ഇന്ത്യന്‍ വനിതാ താരം; ഫോബ്‌സ് മാസിക പട്ടികയില്‍ പിവി സിന്ധു 

അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസാണ് പട്ടികയില്‍ ഒന്നാമതുള്ളത്
ഈ നേട്ടമുള്ള ഒരേയൊരു ഇന്ത്യന്‍ വനിതാ താരം; ഫോബ്‌സ് മാസിക പട്ടികയില്‍ പിവി സിന്ധു 

ന്യൂയോര്‍ക്ക്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്ന ഒരേയൊരു ഇന്ത്യക്കാരിയായി ബാഡ്മിന്റണ്‍ താരം പിവി സിന്ധു. ഫോബ്‌സ് മാസിക പുറത്തിറക്കിയ വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ 13ാം സ്ഥാനത്താണ് സിന്ധു. ഇന്നലെയാണ് ഫോബ്‌സ് പട്ടിക പുറത്തിറക്കിയത്. 

ഏതാണ്ട് 40കോടി രൂപയ്ക്കടുത്താണ് സിന്ധുവിന്റെ വരുമാനം. നിലവില്‍ ഇന്ത്യയുടെ വനിതാ കായിക താരങ്ങളില്‍ ശ്രദ്ധേയയാണ് പിവി സിന്ധുവെന്ന് മാസിക വ്യക്തമാക്കുന്നു. ബിഡബ്ല്യുഎഫ് ലോക ടൂര്‍ ഫൈനല്‍സ് കിരീടം സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ താരമാണെന്നും മാസിക പറയുന്നു. 

2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെയുള്ള കണക്കെടുത്താണ് ഫോബ്‌സ് പട്ടിക തയ്യാറാക്കിയത്. സമ്മാനത്തുകകള്‍, ശമ്പളം, ബോണസുകള്‍, ടൂര്‍ണമെന്റ് പങ്കാളിത്തത്തിലൂടെ ലഭിക്കുന്ന തുകകള്‍ എന്നിവയാണ് മാനദണ്ഡമാക്കിയത്. 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായിക താരങ്ങളുടെ പട്ടികയില്‍ 15 പേരാണ് ഇടംപിടിച്ചത്. അമേരിക്കന്‍ ടെന്നീസ് ഇതിഹാസം സെറീന വില്ല്യംസാണ് പട്ടികയില്‍ ഒന്നാമതുള്ളത്. ഏതാണ്ട് 200 കോടിയിലധികം രൂപയാണ് സെറീനയുടെ വരുമാനം. ടെന്നീസിലെ തന്നെ പുതിയ സെന്‍സേഷനായ നവോമി ഒസാകയാണ് രണ്ടാമത്. മറ്റൊരു ടെന്നീസ് താരമായ അഞ്ജലീക്ക് കെര്‍ബറാണ് മൂന്നാം സ്ഥാനത്ത്. 

ബാസ്‌ക്കറ്റ്‌ബോള്‍, സോഫ്റ്റ്‌ബോള്‍, ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ കളിക്കുന്ന വനിതാ കായിക താരങ്ങളേക്കാള്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ ടെന്നീസ് താരങ്ങളാണ് മുന്നില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com