പന്ത് ഉണര്‍ന്നു, പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന ട്വന്റി20യില്‍ ഏഴ് വിക്കറ്റ് ജയം

ട്വന്റി20യില്‍ നായകന്‍ വിരാട് കോഹ് ലിയുടേയും യുവതാരം റിഷഭ് പന്തിന്റേയും മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ജയം പിടിച്ചു
പന്ത് ഉണര്‍ന്നു, പരമ്പര തൂത്തുവാരി ഇന്ത്യ; അവസാന ട്വന്റി20യില്‍ ഏഴ് വിക്കറ്റ് ജയം

19ാം ഓവറിലെ ആദ്യ പന്ത്. ബ്രാത്വെയ്റ്റിന്റെ ഡെലിവറി ബൗളറുടെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി ലൈന്‍ തൊടീക്കാതെ പറത്തി ധോനിയുടെ പിന്‍ഗാമിയുടെ ഫിനിഷ്. വിന്‍ഡിസിനെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ട്വന്റി20യില്‍ നായകന്‍ വിരാട് കോഹ് ലിയുടേയും യുവതാരം റിഷഭ് പന്തിന്റേയും മികവില്‍ ഇന്ത്യ ഏഴ് വിക്കറ്റ് കയ്യിലിരിക്കെ ജയം പിടിച്ചു. വിന്‍ഡിസ് ഉയര്‍ത്തിയ 146 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ മറികടന്നു. 

ആദ്യ രണ്ട് ട്വന്റി20യിലും അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ പന്ത് അവസാന ട്വന്റി20യില്‍ അതാവര്‍ത്തിച്ചില്ല. ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ നാല് ഓവറില്‍ ഓപ്പണര്‍മാര്‍ രണ്ട് പേേേരയും നഷ്ടമായി നില്‍ക്കെ നായകന്‍ കോഹ് ലിക്കൊപ്പം പന്ത് നിലയുറപ്പിച്ചു. കോഹ് ലി 45 പന്തില്‍ 59 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍, പന്ത് 42 പന്തില്‍ 65 റണ്‍സ് എടുത്ത് കളി ഫിനിഷ് ചെയ്തു. 

നാല് ഫോറും നാല് സിക്‌സുമാണ് പന്തില്‍ നിന്നും വന്നത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്ക്ക് പകരം അവസരം കിട്ടിയ രാഹുലിന് അത് മുതലാക്കാനായില്ല. 20 റണ്‍സ് എടുത്ത് രാഹുല്‍ പുറത്തായി. ടോസ് നേടിയ ഇന്ത്യ വിന്‍ഡിസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മൂന്ന് ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹറാണ് വിന്‍ഡിസിനെ പിടിച്ചു കെട്ടിയത്. സെയ്‌നി രണ്ട് വിക്കറ്റ് വീഴ്ത്തി. 

പന്തിലാണ് ഞങ്ങള്‍ ഭാവി കാണുന്നത് എന്നാണ് കളിക്ക് ശേഷം കോഹ് ലി പ്രതികരിച്ചത്. സമ്മര്‍ദ്ദത്തിലാക്കാതെ പന്തിന് വേണ്ട സമയം അനുവദിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്നും കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com